എന്‍.സി.പി എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് നിയമസഭാ തിരഞ്ഞെടുപ്പും ഇപ്പോള്‍ ഒരു കച്ചവടമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് ‘ചിത്രം’ ഒന്ന് പരിശോധിച്ചാല്‍ തന്നെ കാര്യങ്ങള്‍ ഏറെക്കുറെ മനസ്സിലാകും. നിലവില്‍ നാല് നിയമസഭ സീറ്റുകളിലാണ് എന്‍.സി.പി മത്സരിച്ച് വരുന്നത്. എലത്തൂര്‍, കോട്ടക്കല്‍, കുട്ടനാട്, പാല മണ്ഡലങ്ങളാണിത്. ഇവിടങ്ങളില്‍ എന്‍.സി.പി എന്ന രാഷ്ട്രീയ പാര്‍ട്ടി എന്താണെന്ന് പോലും അറിയാത്ത ജനങ്ങളായിരിക്കും ഒരുപക്ഷേ കൂടുതലായി ഉണ്ടാകുക. മുന്നണി മര്യാദ മുന്‍ നിര്‍ത്തി മാത്രമാണ് ഇടതുപക്ഷം ഈ നാല് സീറ്റുകളും എന്‍.സി.പിക്ക് മത്സരിക്കാന്‍ വിട്ടു നല്‍കിയിരുന്നത്. ഇക്കാര്യത്തില്‍ സി.പി.എം അണികള്‍ക്ക് തന്നെ വലിയ പ്രതിഷേധമാണ് മനസ്സിലുള്ളത്. ഈര്‍ക്കിള്‍ പാര്‍ട്ടികള്‍ക്ക് സീറ്റ് നല്‍കുന്നതിലൂടെ പാര്‍ട്ടിക്ക് കിട്ടേണ്ട വോട്ടുകളാണ് നഷ്ടപ്പെടുത്തുന്നതെന്ന വികാരമാണ് ചെമ്പടയെ നയിക്കുന്നത്.
കോട്ടക്കല്‍ മണ്ഡലത്തില്‍ 2016-ലെ തിരഞ്ഞെടുപ്പില്‍ എന്‍.സി.പി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചത് വ്യവസായിയായ എന്‍.എ മുഹമ്മദ് കുട്ടിയെയായിരുന്നു. പേയ്‌മെന്റ് സീറ്റായിരുന്നു ഇതെന്ന ആരോപണം അന്നു തന്നെ ശക്തമായിരുന്നു. എന്‍.സി.പിയിലെ യുവ നേതാക്കള്‍ തന്നെയാണ് പരസ്യമായി ഈ ആക്ഷേപമുന്നയിച്ചിരുന്നത്. ഒരു ഓട്ടോറിക്ഷയില്‍ കയറാന്‍ പോലും എന്‍.സി.പിക്ക് പ്രവര്‍ത്തകരില്ലാത്ത മണ്ഡലത്തില്‍ വ്യവസായിക്ക് സീറ്റ് നല്‍കിയതില്‍ ശക്തമായ പ്രതിഷേധം സി.പി.എം പ്രവര്‍ത്തകര്‍ക്കിടയിലും ഉയര്‍ന്നിരുന്നു. കുട്ടനാട് മണ്ഡലത്തിലും ശതകോടീശ്വരനായ തോമസ് ചാണ്ടിക്കാണ് എന്‍.സി.പി സീറ്റ് നല്‍കിയിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം ഇവിടെ മത്സരിക്കാന്‍ ഒരു വ്യവസായി തന്നെയാണിപ്പോള്‍ രംഗത്തുള്ളത്. പാലാ മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ച മാണി സി കാപ്പനും കോടീശ്വരനാണ്. സിനിമാ നിര്‍മ്മാതാവായ ഇദ്ദേഹം പതിനൊന്നോളം സിനിമകളാണ് നിര്‍മ്മിച്ചിട്ടുള്ളത്. മാന്നാര്‍ മത്തായി സ്പീക്കിംഗ് സിനിമയില്‍ സംവിധാനം നിര്‍വ്വഹിക്കാതെ തന്നെ സംവിധായകനെന്ന പട്ടവും കാപ്പന് തന്നെയാണ് ചാര്‍ത്തി കിട്ടിയിരുന്നത്.
അതുപോലെ തന്നെയാണ് ഇപ്പോള്‍ പാലായിലെയും അവസ്ഥ. കാപ്പന്റെ മേന്‍മ കൊണ്ടല്ല സി.പി.എമ്മിന്റെ സംഘടനാ കരുത്തിലാണ് പാലായില്‍ കാപ്പന്‍ ജയിച്ചിരിക്കുന്നത്. കുട്ടനാട്ടില്‍ തോമസ് ചാണ്ടി ജയിച്ചതും ചെങ്കൊടിയുടെ കരുത്തിനാല്‍ തന്നെയാണ്. ഈ യാഥാര്‍ത്ഥ്യം പകല്‍ പോലെ വ്യക്തവുമാണ്. എന്‍.സി.പിയുടെ മറ്റൊരു സിറ്റിംഗ് സീറ്റ് കോഴിക്കോട് ജില്ലയിലെ എലത്തൂരാണ്. മന്ത്രി എ.കെ ശശീന്ദ്രനാണ് നിലവില്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. എന്‍.സി.പി സ്ഥാനാര്‍ത്ഥികളില്‍ സാധാരണക്കാരനായ സ്ഥാനാര്‍ത്ഥിയും ശശീന്ദ്രന്‍ മാത്രമായിരുന്നു. എലത്തൂര്‍ മണ്ഡലം സംസ്ഥാനത്ത് തന്നെ സി.പി.എമ്മിന് ഏറ്റവും ശക്തിയുള്ള മണ്ഡലം കൂടിയാണ്. ഏത് രാഷ്ട്രീയ സാഹചര്യത്തിലും ഈ മണ്ഡലത്തില്‍ സി.പി.എമ്മിന് ഒറ്റക്ക് തന്നെ വിജയിക്കാന്‍ കഴിയും. എന്നാല്‍ വലിയ വിട്ടു വീഴ്ചകളാണ് കഴിഞ്ഞ കാലങ്ങളില്‍ സി.പി.എം ഈ മണ്ഡലങ്ങളിലെല്ലാം ചെയ്തിരിക്കുന്നത്.
മുന്നണി മര്യാദ മുന്‍ നിര്‍ത്തിയാണ് 4 സീറ്റുകളും എന്‍.സി.പിക്ക് വിട്ടു കൊടുത്തിരിക്കുന്നത്. അതേസമയം, തിരിച്ച് ആ മര്യാദ എന്‍.സി.പി ഇടതുപക്ഷത്തോട് കാണിച്ചിട്ടില്ലന്നതും നാം ഓര്‍ക്കണം. ഇതിന് എന്‍.സി.പി നേതൃത്വത്തെ പ്രേരിപ്പിക്കുന്നതാകട്ടെ അധികാരത്തോടും പണത്തിനോടുമുള്ള ആര്‍ത്തിയാണ്. ഇടതുപക്ഷത്തിരുന്ന് വലതുപക്ഷ സ്വഭാവം കാണിക്കുന്ന ഈ കച്ചവട താല്‍പ്പര്യത്തിന് ഇനിയും സി.പി.എം നിന്നു കൊടുക്കരുത്. കോടികള്‍ വാങ്ങി സ്ഥാനാര്‍ത്ഥിയാക്കാമെന്ന് ആരോടെങ്കിലും എന്‍.സി.പി നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കുടപിടിക്കേണ്ട ഒരു കാര്യവുമില്ല. പാലായില്‍ വിജയിച്ചത് ‘എന്‍.സി.പിയുടെ മാത്രം മിടുക്കായാണ് പീതാംബരന്‍ മാസ്റ്റര്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്. ‘ജയിച്ചവര്‍ തോറ്റവര്‍ക്ക് സീറ്റ് നല്‍കണമോ?” എന്ന അദ്ദേഹത്തിന്റെ ചോദ്യം തന്നെ പരിഹാസത്തോടെയുള്ളതാണ്.
സ്വന്തം വാര്‍ഡില്‍ നിന്ന് ജയിച്ച് കാണിച്ചിട്ട് വേണം പീതാംബരന്‍ ഇത്തരം വെല്ലുവിളി നടത്തേണ്ടത്. ഒറ്റക്ക് മത്സരിച്ചാല്‍ പൊടിപോലും നിങ്ങളുടെ ഒന്നും കാണുകയില്ല. കേരള രാഷ്ട്രീയത്തില്‍ വലിയ പൂജ്യമാണ് എന്‍.സി.പി എന്ന് പീതാംബരനും കാപ്പനുമെല്ലാം വൈകിയെങ്കിലും തിരിച്ചറിയണം. ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സി.പി.എമ്മിന്റെ ഔദാര്യത്തില്‍ മാത്രമാണ് എന്‍.സി.പി വിജയിക്കുന്നത്. പാലാ സീറ്റ് ജോസ് കെ മാണിക്ക് അവകാശപ്പെട്ടത് തന്നെയാണ്. അക്കാര്യത്തില്‍ ഒരു സംശവുമില്ല. മധ്യ തിരുവതാംകൂറില്‍ യു.ഡി.എഫിന്റെ തകര്‍ച്ച പൂര്‍ണ്ണമാക്കാന്‍ കേരള കോണ്‍ഗ്രസ്സിനെയാണ് വേണ്ടത്. അതല്ലാതെ ഈര്‍ക്കിള്‍ പാര്‍ട്ടികളെയല്ല. പാലാ ലഭിച്ചില്ലങ്കില്‍ മുന്നണി വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് തന്നെ മണ്ടത്തരമാണ്.
ഇടതുമുന്നണി വിട്ടാല്‍ യു.ഡി.എഫ് നിങ്ങള്‍ക്ക് പാലാ സീറ്റ് തരുമായിരിക്കും. ഈ നീക്കത്തെ പി.ജെ ജോസഫും പിന്തുണയ്ക്കും. എന്നാല്‍, അതു കൊണ്ടു മാത്രം കാപ്പന് പാലായില്‍ വിജയം എളുപ്പമാകില്ല. കേരള കോണ്‍ഗ്രസ്സ് ജോസ് പക്ഷവും ഇടതുപക്ഷവും ചേര്‍ന്നാല്‍ അത് വലിയ ശക്തിയായാണ് മാറുക. എട്ടു നിലയിലാണ് കാപ്പന്‍ പൊട്ടുക. കുട്ടനാട്ടിലും വെല്ലുവിളി ഏറെയാണ്. ഈ സീറ്റ് എന്‍.സി.പിക്ക് ആരാണ് വിട്ടുതരിക? ഈ മണ്ഡലത്തില്‍ സീറ്റിനായി ജോസഫ് വിഭാഗവും കോണ്‍ഗ്രസ്സും തമ്മില്‍ ഇപ്പോള്‍ തന്നെ കടിപിടി തുടങ്ങി കഴിഞ്ഞു. മൂന്നാമത്തെ സീറ്റ് കോട്ടക്കലാണ്. മുസ്ലീം ലീഗിന്റെ ഈ സിറ്റിംഗ് സീറ്റ് അവര്‍ ഒരു കാരണവശാലും വിട്ടുതരികയില്ല. അത് ചിന്തിക്കുന്നത് പോലും യുക്തിക്ക് നിരക്കാത്ത കാര്യമാണ്. പിന്നെയുള്ളത് കോഴിക്കോട്ടെ എലത്തൂരാണ്. ഇവിടെ യു.ഡി.എഫ് ടിക്കറ്റില്‍ മത്സരിക്കുന്നതിലും ഭേദം മത്സരിക്കാതിരിക്കുന്നത് തന്നെയാണ്.
ഇതൊക്കെയാണ് എന്‍.സി.പി യു.ഡി.എഫില്‍ ചെന്നാലുള്ള നിലവിലെ അവസ്ഥ. ഇനി ഇതെല്ലാം മറികടന്ന് പഴയ എന്‍.സി.പിക്കാരനായ ഹൈക്കമാന്റ് നിരീക്ഷകന്റെ ദയയില്‍ ഏതാനും സീറ്റുകള്‍ തരപ്പെടുത്തി എടുത്താല്‍ പോലും അതും എന്‍.സി.പിക്ക് വലിയ വെല്ലുവിളിയാകും. ‘പാരകള്‍’ പാളയത്തില്‍ തന്നെയാണുണ്ടാവുക. ഇഷ്ടമില്ലങ്കിലും സി.പി.എം അണികള്‍ നേതൃത്വന്റെ തീരുമാനമാണ് അനുസരിക്കുക. എന്‍.സി.പി സ്ഥാനാര്‍ത്ഥികള്‍ക്ക് അവര്‍ വോട്ടും ചെയ്യും. അതു കൊണ്ടാണ് എലത്തൂരിലും, കുട്ടനാട്ടിലും, പാലായിലും എന്‍.സി.പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരിക്കുന്നത്. എന്നാല്‍, യു.ഡി.എഫിലെ സ്ഥിതി അതല്ല, ‘പാലം’ വലിയില്‍ കേമന്‍മാരാണ് കോണ്‍ഗ്രസ്സുകാര്‍. അവര്‍ ഒരിക്കലും എന്‍.സി.പിയെ വാഴിക്കില്ല, തോല്‍പ്പിച്ച് കയ്യില്‍ തരും. കെട്ടിവച്ച കാശ് പോലും മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ലഭിക്കാത്ത സാഹചര്യമാണ് എന്‍.സി.പിയെ ഇനി കാത്തിരിക്കുന്നത്. വീരവാദം മുഴക്കുന്നവര്‍ ഇക്കാര്യം കൂടി ഓര്‍ക്കുന്നത് നല്ലതായിരിക്കും.