മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനു വധഭീഷണിയെന്ന് കാട്ടി പ്രാദേശിക നേതാവ് ലക്ഷ്മികാന്ത് കഭിയ പുണെ ശിവാജി നഗര്‍ പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കി. പവാറിനെ വധിച്ച് മഹാ വികാസ് അഘാഡി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും ലക്ഷ്മികാന്ത് ആരോപിക്കുന്നു. ശരദ് ക്രീഡ സന്‍സ്‌കൃതിക് പ്രതിഷ്ഠാന്‍ എന്ന സന്നദ്ധ സംഘടനയ്ക്കു നേതൃത്വം നല്‍കുന്നയാളാണ് ലക്ഷ്മികാന്ത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനോട് ആവശ്യപ്പെട്ടു.
‘പവാര്‍ സാഹിബിനെ വിമര്‍ശിക്കുന്നതിനെ പിന്തുണയ്ക്കുന്ന പ്രതികരണങ്ങള്‍ പ്രകോപനപരവും അപകടകരവുമാണ്, കാരണം അദ്ദേഹത്തെ കൊല്ലുന്നതിനെക്കുറിച്ച് അവര്‍ പരസ്യമായി സംസാരിക്കുന്നു. ഇത് ഞങ്ങളുടെ നേതാവിനെ കൊല്ലാനുള്ള ഗൂഢാലോചനയായിരിക്കുമെന്ന് ഞാന്‍ സംശയിക്കുന്നു. എന്‍സിപി പ്രവര്‍ത്തകനായതിനാല്‍ ഇത് ഗൗരവമായി കാണണമെന്ന് ഞാന്‍ ആഭ്യന്തരമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു, ”ഖബിയ പറഞ്ഞു.
പവാറിനെതിരെ യൂ ട്യൂബില്‍ പ്രചരിക്കുന്ന വീഡിയോകളും അവയ്ക്കു താഴെയുള്ള കമന്റുകളും സഹിതമാണ് ലക്ഷ്മികാന്ത് പരാതി നല്‍കിയിരിക്കുന്നത്. ഭീമ-കൊറേഗാവ് കേസില്‍ മഹാരാഷ്ട്ര പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നു പവാര്‍ ആവശ്യപ്പെട്ടതിനു പിന്നാലെ പവാറിനു നേരെ ആക്രമണത്തിനു ഗൂഢാലോചന നടക്കുന്നതായി ലക്ഷ്മികാന്ത് പറഞ്ഞു.
പവാറിനെതിരെ ചിലര്‍ അപ്ലോഡ് ചെയ്തിട്ടുള്ള വീഡിയോകളുടെ താഴെ അദ്ദേഹത്തെ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാനും, വധിക്കാനും മറ്റും പലരും കമന്റ് എഴുതിയിട്ടുണ്ടെന്നും അവരുടെ പേരുവിവരങ്ങള്‍ സഹിതമാണു പരാതി താന്‍ കൈമാറിയതെന്നും ലക്ഷ്മികാന്ത് പറഞ്ഞു.