തിരുവനന്തപുരം: എൻ.സി.പി മുന്നണി മാറ്റം സംബന്ധിച്ച് നി൪ണായക ചര്‍ച്ച ഇന്ന്. ദേശീയ അധ്യക്ഷൻ ശരത് പവാറുമായി മാണി സി. കാപ്പനും സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരനും ഉച്ചക്ക് ഒരു മണിക്ക് കൂടിക്കാഴ്ച നടത്തും. ഇതോടെ മുന്നണി മാറ്റം സംബന്ധിച്ച എൻ.സി.പി നിലപാടിൽ കൂടുതൽ വ്യക്തത കൈവരും.
ഇതിനകം തന്നെ ഇടത് മുന്നണി വിടുന്ന കാര്യം എൻ.സി.പി തീർച്ചപ്പെടുത്തിയിട്ടുണ്ട്. പാലാ സീറ്റിന്‍റെ കാര്യത്തിൽ സി.പി.എം മുന്നണി മര്യാദ കാണിച്ചില്ലെന്ന് ശരത് പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാണി സി. കാപ്പൻ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. ഇത് പാല സീറ്റിന്റെ മാത്രം പ്രശ്നമല്ലെന്നും വിശ്വാസ്യതയുടേത് കൂടിയാണെന്നും കാപ്പൻ പറഞ്ഞിരുന്നു.
ദേശീയ നേതൃത്വത്തിന്‍റെ പ്രഖ്യാപനം നാളെയുണ്ടാകും. അതിന് മുന്നോടിയായി കാപ്പനും പീതാംബരൻ മാസ്റ്ററും ഇന്ന് ഉച്ചക്ക് ശരത്പവാറുമായി കൂടിക്കാഴ്ച നടത്തും. മുന്നണി മാറ്റ പ്രഖ്യാപനത്തിന്‍റെ വക്കിൽ നിൽക്കവെ ഇന്നത്തെ കൂടിക്കാഴ്ച നിര്‍ണായകമാണ്. മലക്കം മറിച്ചിൽ ഉണ്ടായില്ലെങ്കിൽ ഇന്ന് തന്നെ എൽ.ഡി.എഫ് വിടുന്ന കാര്യം ഉറപ്പാകും.
അതേസമയം എൽ.ഡി.എഫ് വിടില്ലെന്ന് ആവർത്തിക്കുകയാണ് ശശീന്ദ്രൻ വിഭാഗം.