കൊച്ചി: മറ്റു സംസ്ഥാനങ്ങളിലെല്ലാം വിജയിച്ചാലും കേരളത്തില്‍ ഭരണം കിട്ടിയാലേ തൃപ്തിയാകൂ എന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കലൂര്‍ എ.ജെ. ഹാളില്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലെ ബി.ജെ.പി. ജന പ്രതിനിധികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഇടതു, വലതു മുന്നണികൾക്കു മൂന്നാം ബദലായി കേരളത്തിൽ എൻഡിഎയെ വളർത്തണമെന്നും അതിനായി നേതാക്കൾ താഴേത്തട്ടിലെത്തി പ്രവർത്തിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
പതിനായിരം ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കാൻ ലക്ഷ്യമിട്ട സ്ഥാനത്ത് മൂവായിരത്തോളം കമ്മിറ്റികൾ മാത്രം രൂപീകരിച്ചതിൽ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തുംവരെ പ്രവർത്തകർക്കു വിശ്രമിക്കാനാവില്ല. 2019 ലോക്സഭ തിരഞ്ഞെടുപ്പാണ് പാർട്ടി ലക്ഷ്യമിടേണ്ടത്. അന്നു മികച്ച പ്രകടനം നടത്താനായാൽ കേരളത്തിൽ അടുത്ത തവണ ഭരണം പിടിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനു സമ്മേളനങ്ങൾ നടത്തിയതുകൊണ്ടു മാത്രം കാര്യമില്ല. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും അമിത് ഷാ പറഞ്ഞു.
ദയനീയാവസ്ഥയിലായിരുന്ന സംസ്ഥാനങ്ങളില്‍ വരെ ബി.ജെ.പി. ഇന്ന് വന്‍ ശക്തിയായി മാറിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ കേരളത്തിലും ഇത് സാധിക്കണം. ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ കേന്ദ്രം ഉടന്‍ നടപടികളെടുക്കും. ഭരണം കിട്ടുന്നതുവരെ കേരളത്തിലെ ബി.ജെ.പി. പ്രവര്‍ത്തകര്‍ വിശ്രമിക്കരുതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആയിരത്തോളം ജന പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. കുടിവെള്ള സംരക്ഷണത്തിനുള്ള ബി.ജെ.പി.യുടെ ജലസ്വരാജ് പദ്ധതിയുടെ വെബ് സൈറ്റ് ഉദ്ഘാടനവും ചടങ്ങില്‍ അമിത് ഷാ നിര്‍വഹിച്ചു.