ന്യൂഡല്‍ഹി: ഇന്ത്യയുടെ അപൂര്‍വ്വ നേട്ടത്തില്‍ ഞെട്ടി ലോക വന്‍ശക്തികള്‍.
കാര്‍ട്ടോസാറ്റ് 2 ഇ യുടെ വിജയകരമായ വിക്ഷേപണം മാത്രമല്ല ഇതുവഴി ഇന്ത്യയ്ക്ക് ഉപഗ്രഹവേധ ആയുധങ്ങള്‍ വിക്ഷേപിക്കാനുള്ള ശേഷിയുണ്ടെന്നതാണ് ലോക രാഷ്ട്രങ്ങളെ അമ്പരിപ്പിച്ചിരിക്കന്നത്.
അമേരിക്കയുടെ ‘നാസ’ ശാസ്ത്ര സാങ്കേതിക മേഖലയിലെ ഇന്ത്യയുടെ ഈ കുതിപ്പിനെ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്.
ഇന്ത്യന്‍ പരീക്ഷണങ്ങളെല്ലാം വിജയിക്കുന്നത് ലോക രാഷ്ട്രങ്ങളില്‍ ഒരു വിഭാഗത്തെ ഉപഗ്രഹ വിക്ഷേപത്തിന് ഇന്ത്യയെ സമീപിക്കാനുള്ള സാഹചര്യമുണ്ടാക്കിയിട്ടുണ്ട്. ഇത് ഇനിയും വലിയ രൂപത്തില്‍ വര്‍ദ്ധിക്കുമെന്നു തന്നെയാണ് അമേരിക്ക കരുതുന്നത്.
സാമ്പത്തികമായ വന്‍ നേട്ടം മാത്രമല്ല ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാനും ഇന്ത്യക്ക് ഇനി എളുപ്പത്തില്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
ചില മേഖലകളില്‍ നാസക്ക് പോലും അസാധ്യമായത് ഐ എസ് ആര്‍ ഒ ചുരുങ്ങിയ ചിലവില്‍ എളുപ്പത്തില്‍ സാധ്യമാക്കുന്നത് വെല്ലുവിളിയാകുമെന്ന ഭയവും അമേരിക്കയ്ക്കുണ്ട്.
ബഹിരാകാശത്തെ സൈനികവല്‍ക്കരിക്കുന്നതിനോട് തങ്ങള്‍ക്ക് താല്‍പ്പര്യമില്ലന്നാണ് ഐ.എസ്.ആര്‍.ഒ യുടെ നിലപാടെങ്കിലും അമേരിക്കയുള്‍പ്പെടെയുള്ള വന്‍ ശക്തികള്‍ അത് മുഖവിലക്കെടുക്കുന്നില്ല.
‘അനിവാര്യമായ’ഘട്ടങ്ങളില്‍ ഇന്ത്യ അത് ഉപയോഗപ്പെടുത്തുമെന്നു തന്നെയാണ് അവരുടെ കണക്കുകൂട്ടല്‍.
ഇന്ത്യയുടെ ഈ മുന്നേറ്റത്തില്‍ ഏറെ ആശങ്കയും പരിഭ്രാന്തിയും പാക്കിസ്ഥാനും ചൈനക്കുമാണ്.
അത്യാധുനിക ബാലിസ്റ്റിക് മിസൈലായ അഗ്‌നി 5 ഉപയോഗിച്ച് ഉപഗ്രഹ വിക്ഷേപണം സാധ്യമാകുമെന്നതും ഇന്ത്യയെ സംബന്ധിച്ച് വന്‍ നേട്ടമാണ്.
അഗ്‌നി 5 ഉപയോഗിച്ച് ഉപഗ്രഹവേധ സംവിധാനം വികസിപ്പിക്കാന്‍ കഴിയുമെന്നാണ് മുന്‍ ഡി.ആര്‍ .ഡി.ഒ ഡയറക്ടറായിരുന്ന രവി ഗുപ്ത തന്നെ ചൂണ്ടിക്കാണിക്കുന്നത്.
ഇപ്പോള്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ച കാര്‍ട്ടോസാറ്റ് 2 ഇ യോടെ സൈനിക ആവശ്യങ്ങള്‍ക്കായി രാജ്യം വിക്ഷേപിച്ച നിരീക്ഷണ ഉപഗ്രഹങ്ങളുടെ എണ്ണം 13 ആയി മാറി കഴിഞ്ഞിട്ടുണ്ട്.
രാജ്യത്തിന്റെ അതിര്‍ത്തി കാക്കാനും കടല്‍ വഴിയും കര വഴിയുമുള്ള ശത്രുവിന്റെ നീക്കങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനും ഇതുവഴി സാധിക്കും.
നേരത്തെ വിക്ഷേപിച്ചിരുന്ന കാര്‍ട്ടോസാറ്റ് 2 പരമ്പരയില്‍പ്പെട്ട നിരീക്ഷണ ഉപഗ്രഹത്തിന് ഭൂമിയിലെ 0.6 ചതുരശ്ര മീറ്റര്‍ വരെ വലുപ്പമുള്ള വസ്തുക്കളെ കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കുമായിരുന്നു.
ഇന്ത്യയുടെ നിരീക്ഷണ ഉപഗ്രഹങ്ങള്‍ എല്ലാം ഭൂനിരപ്പില്‍ നിന്നും 200 മുതല്‍ 1200 കിലോമീറ്റര്‍ വരെയുള്ള പോളാര്‍ ഭ്രമണ പഥത്തിലാണുള്ളത്. അതുകൊണ്ട് തന്നെ ഈ ‘ചാരക്കണ്ണുകളില്‍’ നിന്നും ഒളിക്കുന്നത് ശത്രുക്കളെ സംബന്ധിച്ച് അസാധ്യമായ കാര്യമാണ്.