india will look to be as dominant as they were in the seconed Test against West

test cricket

കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വന്‍ ലീഡ്. മൂന്നാം ദിനം ഇന്ത്യ ഒന്‍പതു വിക്കറ്റിനു 500 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 304 റണ്‍സിന്റെ ലീഡ്.

അജിങ്ക്യ രഹാനെയുടെ അപരാജിത സെഞ്ച്വറിയാണ് ഇന്ത്യന്‍ ലീഡ് ഉയര്‍ത്തിയത്. 237 പന്തുകള്‍ നേരിട്ട രഹാനെ 108 റണ്‍സോടെ പുറത്താകാതെ നിന്നു. 13 ബൗണ്ടറിയും മൂന്നു സിക്‌സറുകളും അടങ്ങുന്നതായിരുന്നു രഹനെയുടെ ഇന്നിംഗ്‌സ്.

നേരത്തെ വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്‌സ് 196 റണ്‍സില്‍ അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ലോകേഷ് രാഹുലിന്റെ സെഞ്ചുറിയാണ് കരുത്തായത്. 158 റണ്‍സ് നേടിയ രാഹുലിനും രഹനെയ്ക്കും പുറമേ ചേതേശ്വര്‍ പൂജാരയും(46), വിരാട് കോഹ്‌ലിയും(44), വൃദ്ധിമാന്‍ സാഹയും(47)മികച്ച കളി പുറത്തെടുത്തു.

ആറാമനായി അശ്വിന്‍ പുറത്തായതിനു ശേഷം ഒത്തുചേര്‍ന്ന രഹനെ- സാഹ സഖ്യം നേടിയ 98 റണ്‍സ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായി. സാഹയെ (47) ജേസണ്‍ ഹോള്‍ഡര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. പിന്നീട് വാലറ്റത്ത് അമിത് മിശ്രയേയും ഉമേഷ് യാദവിനെയും ഒപ്പം ചേര്‍ത്ത് രഹനെ ഇന്ത്യയെ 500 ലെത്തിച്ചു.

വിന്‍ഡീസിനായി റോസ്റ്റണ്‍ ചേസ് അഞ്ചു വിക്കറ്റെടുത്തു.

Top