കുടിയേറ്റ നിയമം ലംഘിച്ചു; മാലിദ്വീപില്‍ രണ്ട് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

jounalist

ഡല്‍ഹി: അടിയന്തരാവസ്ഥ തുടരുന്ന മാലിദ്വീപില്‍ ഇന്ത്യക്കാരായ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഏജന്‍സ് ഫ്രാന്‍സ് പ്രസെയുടെ ലേഖകരായ മണി ശര്‍മ, അതിഷ് പട്ടേല്‍ എന്നിവരാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചെന്നു കുറ്റപ്പെടുത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകരെ കുടിയേറ്റ വിഭാഗത്തിനു കൈമാറിയതായും കുടിയേറ്റ വകുപ്പ് ഇവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുമെന്നും മാലദ്വീപ് പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. പഞ്ചാബിലെ അമൃത്‌സര്‍ സ്വദേശിയാണ് മണി ശര്‍മ. ലണ്ടനില്‍ താമസിക്കുന്ന ബ്രിട്ടീഷ് പൗരത്വമുള്ള മാധ്യമപ്രവര്‍ത്തകനാണ് അതിഷ് പട്ടേല്‍.

അടിയന്താരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാലദ്വീപില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശനനിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി ഒരു പ്രമുഖ ടിവി സ്റ്റേഷന്‍ പൂട്ടിയതായി മാലദ്വീപ് എംപി അലി സാഹിര്‍ ട്വീറ്റ് ചെയ്തു. പ്രസിഡന്റ് അബ്ദുള്ള യാമീന്റെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് സൈന്യത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്.

Top