ലോക്ക്ഡണിനുശേഷം ഫാക്ടറികൾ തുറക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: ലോക്ക്ഡണിനുശേഷം രാജ്യത്തെ വ്യവസായങ്ങള്‍ പുനരാരംഭിക്കുന്നതിന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ ആഴ്ച പരീക്ഷണമായിട്ടോ ട്രയലായിട്ടോ പരിഗണിച്ച് വേണം പ്രവര്‍ത്തിക്കേണ്ടതെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

40 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വിശാഖപട്ടണത്ത് എല്‍ജിയുടെ പോളിമര്‍ ഫാക്ടറി തുറന്നപ്പോള്‍ വിഷവാതക ചോര്‍ച്ചയുണ്ടായിരുന്നു. ഈ ദുരന്തത്തില്‍ 12 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം.

വ്യവസായ യൂണിറ്റ് പരസരത്തുള്ള ദുരന്തനിവാരണ സംവിധാനങ്ങളും സുരക്ഷാസൗകര്യങ്ങളും കാര്യക്ഷമമാണെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണം. ജില്ലാ അതോറിറ്റികള്‍ ഇതുസംബന്ധിച്ച് പരിശോധനകള്‍ നടത്തണമെന്നും എന്‍ഡിഎംഎയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

ആദ്യ ആഴ്ച ട്രയല്‍ അല്ലെങ്കില്‍ ടെസ്റ്റ് റണ്‍ കാലയളവായിട്ടാണ് വ്യവസായ യൂണിറ്റുകള്‍ പരിഗണിക്കേണ്ടത്. യൂണിറ്റ് പുനരാരംഭിക്കുമ്പോള്‍ തന്നെ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും ഉറപ്പാക്കണം. തുടക്കത്തില്‍ തന്നെ ഉയര്‍ന്ന ഉത്പാദന ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കരുതെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. അപകടസാധ്യത കുറയ്ക്കുന്നതിന് നിര്‍ദ്ദിഷ്ട ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ സംവേദനക്ഷമത പുലര്‍ത്തേണ്ടത് പ്രധാനമാണെന്നും എന്‍ഡിഎംഎയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു.

അസാധാരണമായ ശബ്ദം, മണം, ചോര്‍ച്ച, പുക അല്ലെങ്കില്‍ അപകടകരമായ മറ്റു അടയാളങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ തിരച്ചറിയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് തൊഴിലാളികളെ ബോധവാന്മാരാക്കേണ്ടതുണ്ട്. പുനരാരംഭിക്കുന്ന ഘട്ടത്തില്‍ സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ ഉപകരണങ്ങളും പരിശോധിക്കാനും നിര്‍ദേശമുണ്ട്.

ഫാക്ടറി പരിസരം 24 മണിക്കൂറും ശുചിത്വവല്‍ക്കരിക്കണം.പ്രവേശനകവാടങ്ങളില്‍ തൊഴിലാളികളുടെ ആരോഗ്യം പരിശോധിക്കണം. എല്ലാ ജീവനക്കാരുടെയും താപനില പരിശോധന, ദിവസത്തില്‍ രണ്ടുതവണ ചെയ്യണമെന്നും, രോഗലക്ഷണങ്ങള്‍ കാണിക്കുന്ന തൊഴിലാളികള്‍ ജോലിക്ക് റിപ്പോര്‍ട്ട് ചെയ്യരുതെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. എല്ലാ ഫാക്ടറികളിലും നിര്‍മ്മാണ യൂണിറ്റുകളിലും കയ്യുറകള്‍, മാസ്‌കുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍ എന്നിവ തൊഴിലാളികള്‍ക്ക് നല്‍കണം.കോവിഡ് ആരോഗ്യ പ്രതിരോധം സംബന്ധിച്ച് തൊഴിലാളികള്‍ക്ക് ക്ലാസുകള്‍ നല്‍കണം. വര്‍ക്ക് ഫ്‌ലോറിനുള്ളിലെ ശാരീരിക അകലം ഉറപ്പുവരുത്തുകയും ഭക്ഷണ സകര്യങ്ങള്‍ ഉറപ്പാക്കുകയും വേണമെന്നും എന്‍ഡിഎംഎയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറോ അല്ലെങ്കില്‍ തുടര്‍ച്ചയായോ പ്രവര്‍ത്തിക്കുന്ന ഫാക്ടറികളും പ്ലാന്റുകളും ഷിഫ്റ്റുകള്‍ക്കിടയില്‍ ഒരു മണിക്കൂര്‍ ഇടവേള പരിഗണിക്കണമമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു.
ഒരു സമയം എത്രപേര്‍ക്ക് പ്രവര്‍ത്തിക്കാമെന്നതടക്കം ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പിന്തുടരണം.

ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാനേജര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഒരു ഷിഫ്റ്റില്‍ സ്റ്റാഫ് 33 ശതമാനം എന്നിങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത്. ഉപകരണങ്ങളോ വര്‍ക്ക് സ്റ്റേഷനുകളോ തൊഴിലാളികള്‍ പങ്കിടുന്നില്ലെന്ന് ഉറപ്പുവരുത്താനും ആവശ്യമെങ്കില്‍ അധിക സെറ്റ് ഉപകരണങ്ങള്‍ നല്‍കാനും എന്‍ഡിഎംഎ നിര്‍ദ്ദേശിക്കുന്നു.

ഏതെങ്കിലും ഒരു തൊഴിലാളിക്ക് പോസിറ്റീവ് കേസ് കണ്ടെത്തിയാല്‍, അയാളെ ഐസൊലേറ്റ് ചെയ്യാനുള്ള സൗകര്യം ഫാക്ടറികള്‍ ഒരുക്കേണ്ടതുണ്ട്. തുടര്‍ന്ന് മുഴവന്‍ ജീവനക്കാരേയും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനിലാക്കാനുള്ള പ്രക്രിയകള്‍ക്ക് എച്ച്.ആര്‍. സഹായിക്കേണ്ടതുണ്ട്.

അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന തൊഴിലാളികള്‍ ഈ മേഖലയില്‍ വിദഗ്ധരും പരിചയസമ്പന്നരുമായിരിക്കണം എന്ന് എന്‍ഡിഎംഎ പറയുന്നു. ഒരു വ്യാവസായിക യൂണിറ്റ് തുറക്കുമ്പോള്‍ അത്തരം തൊഴിലാളികളെ വിന്യസിക്കുന്നതില്‍ വിട്ടുവീഴ്ച അനുവദിക്കരുതെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗരേഖയില്‍ പറയുന്നു.

Top