അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്; ഒരു സൈനികന് വീരമൃത്യു

kashmir

കശ്മീര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം.

പാക് വെടിവെയ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചു. മറ്റൊരു സൈനികന് ഗുരുതരമായ പരിക്കേറ്റു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള സൈനിക പോസ്റ്റുകള്‍ക്കുനേരെയാണ് പാക് സൈനികര്‍ വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്.

യാതൊരു പ്രകോപനവും കൂടാതെ ആയിരുന്നു പാക് വെടിവെപ്പ്. ഇന്ത്യന്‍ സൈനികര്‍ ശക്തമായ തിരിച്ചടി നല്‍കിയതായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ശനിയാഴ്ച വൈകീട്ട് അഞ്ചോടെ ആയിരുന്നു പാക് സൈനികരുടെ പ്രകോപനം. ജഗ്‌റാം സിങ് തോമര്‍ (42) എന്ന സൈനികനാണ് വീരമൃത്യു വരിച്ചതെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശ് സ്വദേശിയാണ് അദ്ദേഹം. ശനിയാഴ്ച മാത്രം രണ്ട് തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്.

ഈ മാസം ആദ്യം പാക് വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചതിനെത്തുടര്‍ന്ന് പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. 2003 നുശേഷം പാക് സൈനികര്‍ 301 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയെന്നാണ് വിദേശ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

Top