കൊച്ചി : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലും 40 മെഗാവാട്ടാക്കി ഉയര്‍ത്തിയ സൗരോര്‍ജ്ജ പദ്ധതിയും ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ടെര്‍മിനല്‍ നാടിന് സമര്‍പിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. അഡ്വ. മാത്യു ടി.തോമസ് എം.എല്‍.എ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ചടങ്ങില്‍ കെ.വി.തോമസ് എം.പി, ഇന്നസെന്റ് എം.പി എന്നിവര്‍ മുഖ്യാതിഥികളാവും. മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ ആമുഖ പ്രസംഗം നടത്തും.
ആറുലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പണികഴിപ്പിക്കുന്ന ടെര്‍മിനല്‍ 240 കോടി മുടക്കിയാണ് വികസിപ്പിച്ചത്.
ടെര്‍മിനലിനോടൊപ്പം ഉദ്ഘാനം ചെയ്യുന്ന കാര്‍പോര്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള സൗരോര്‍ജ കാര്‍പോര്‍ട്ടാണെന്ന സവിശേഷത കൂടിയുണ്ട്. 2600 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്നതാണിത്.
കൊച്ചി അന്തര്‍ദേശീയ വിമാനത്താവളത്തിന്റെ സ്ഥാപിതശേഷി 30 മെഗാവാട്ടില്‍നിന്ന് 40 മെഗാവാട്ടിലേക്ക് ഉയര്‍ത്തുകയാണ്. നേരത്തെ 2015 ഓഗസ്റ്റില്‍ 13 മെഗാവാട്ട് സൗരോര്‍ജ പ്ലാന്റ് ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സൗരോര്‍ജ വിമാനത്താവളമായി മാറിയിരുന്നു. പ്രതിദിനം 1.6 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉദ്പാദിപ്പിക്കുന്നത്. 5.1 മെഗാവാട്ട് ശേഷിയുള്ള ഇവിടത്തെ കാര്‍പോര്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള സൗരോര്‍ജ കാര്‍പോര്‍ട്ടാണ്.