കസ്റ്റഡി മരണം; രാജ്കുമാറിനെ സ്റ്റേഷനിലെത്തി ചികിത്സിച്ചുവെന്ന് തൂക്കുപാലം സ്വദേശിയായ വൈദ്യന്‍

നെടുങ്കണ്ടം: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളെന്ന് റിപ്പോര്‍ട്ട്. പരിക്കേറ്റ രാജ്കുമാറിനെ പൊലീസ് സ്റ്റേഷനില്‍ എത്തി പരിശോധിച്ചെന്ന് വൈദ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ച ജൂണ്‍ 13ന് വൈകിട്ട് രാജ്കുമാറിനെ സ്റ്റേഷനിലെത്തി ചികിത്സിച്ചിരുന്നെന്ന് തൂക്കുപാലം സ്വദേശിയായ വൈദ്യന്‍ വെളിപ്പെടുത്തി. ഇതിന് പ്രതിഫലമായി 500 രൂപ പൊലീസ് നല്‍കിയെന്നും വൈദ്യന്‍ പറഞ്ഞു.

രാജ്കുമാര്‍ കേസിലെ മൂന്നാം പ്രതിയായ പൊലീസ് ഡ്രൈവര്‍ നിയാസാണ് വൈദ്യനെ സ്റ്റേഷനിലേക്ക് കൊണ്ടു വന്നത്. രാജ്കുമാറിനെ പൊലീസ് അനധികൃത കസ്റ്റഡിയില്‍ സൂക്ഷിച്ച ജൂണ്‍ 13ന് വൈകിട്ട് മൂന്നു മണിക്ക് സ്റ്റേഷനിലെത്തി ചികിത്സ നല്‍കി.

ലോക്കപ്പിലായിരുന്ന രാജ്കുമാറിന് എഴുന്നേറ്റ് നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. വീണ് പരിക്കേറ്റെന്നാണ് അന്ന് പൊലീസ് അറിയിച്ചിരുന്നതെന്നും വൈദ്യന്‍ പറഞ്ഞു. ‘മുട്ടിനു വയ്യായിരുന്നു. തുടര്‍ന്ന് രാജ്കുമാറിന്റെ മുട്ടില്‍ മരുന്ന് വെച്ചു കെട്ടി. പൊലീസ് സ്റ്റേഷനുസമീപത്തെ വൈദ്യശാലയില്‍ നിന്നാണ് മുറിവെണ്ണ വാങ്ങിയത്. പൊലീസ് കാന്റീനില്‍ നിന്നാണ് മുറിവെണ്ണ ചൂടാക്കിയ’ തെന്നും വൈദ്യന്‍ വെളിപ്പെടുത്തി.

Top