നെടുങ്കണ്ടം കസ്റ്റഡി മരണം: റീ പോസ്റ്റുമോര്‍ട്ടത്തിനായി രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്തു

പീരുമേട്: നെടുങ്കണ്ടം കസ്റ്റഡി മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു. വാഗമണ്‍ സെന്റ് സെബാസ്റ്റിയന്‍ പള്ളി സെമിത്തേരിയില്‍ നിന്ന് 11 മണിയോടെയാണ് ജുഡീഷ്യല്‍
കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെയും ആര്‍.ഡി.ഒയുടെയും ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തത്.

ഭാര്യയടക്കം അടുത്ത ബന്ധുക്കള്‍, പള്ളി വികാരി എന്നിവരും സെമിത്തേരിയില്‍ എത്തിയിരുന്നു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക. സാധ്യമായ എല്ലാ പരിശോധനകളും നടത്തുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.

ഫോറെന്‍സിക് വിദഗ്ധര്‍ അടങ്ങിയ സംഘമാണ് റീപോസ്റ്റുമോര്‍ട്ടം നടത്തുക. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ മുഴുവന്‍ വിഡിയോയില്‍ പകര്‍ത്തും. മൃതദേഹത്തിന്റെ മുഴുവന്‍ എക്‌സ്റേയെടുക്കും. ആവശ്യമായ ആന്തരികാവയവങ്ങള്‍ പരിശോധനക്ക് അയക്കും. തുടര്‍ന്ന് മൃതദേഹം വീണ്ടും സംസ്‌കരിക്കും.

ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വിഡിയോ ദൃശ്യങ്ങളും പരിശോധിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

Top