ഇടുക്കി: സാമ്പത്തിക തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലിരിക്കെ ക്രൂരമര്‍ദനത്തിനിരയായി പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ പൊലീസുകാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. മര്‍ദ്ദനത്തില്‍ നേരിട്ട് പങ്കുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി ഉണ്ടാവുക. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയായിരുന്നു.
കേസിലെ ഒന്നും നാലും പ്രതികളായ പൊലീസുകാരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചനകളാണ് ക്രൈംബ്രാഞ്ച് നല്‍കുന്നത്. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മര്‍ദ്ദനത്തില്‍ ഇവരുടെ പങ്ക് ക്രൈംബ്രാഞ്ച് സംഘത്തിന് ബോധ്യപ്പെട്ടെന്നാണ് സൂചന. ഇവരില്‍ നിന്ന് മൊഴിയെടുക്കല്‍ തുടരുകയാണെന്നും ഏത് നിമിഷവും അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം. ഈ രണ്ട് പ്രതികളാണ് രാജ്കുമാറിനെ കൂടുതല്‍ മര്‍ദ്ദിച്ചത്. ഇതിനാല്‍ അത് സാധൂകരിക്കുന്ന മൊഴികളും തെളിവുകളും ശേഖരിക്കുന്ന തിരക്കിലാണ് അന്വേഷണസംഘം.
അതേസമയം, പീരുമേട് ജയിലിലെ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിയില്‍ ജയില്‍ ഡിഐജിയുടെ അന്വേഷണവും പുരോഗമിക്കുകയാണ്. ഇന്നോ നാളെയോ ആയി ഇതിന്റെ റിപ്പോര്‍ട്ട് ജയില്‍ ഡിജിപിക്ക് സമര്‍പ്പിക്കും.
ഇതിനിടെ, കേസില്‍ റിമാന്‍ഡിലുള്ള എസ്‌ഐ സാബു, സിപിഒ സജീവ് ആന്റണി എന്നിവരുടെ ജാമ്യാപേക്ഷ പീരുമേട് കോടതി തള്ളി. ഈ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് തുടങ്ങിയതായും വിവരമുണ്ട്.
കേസില്‍ ഇന്നലെ ഇടുക്കി ജില്ലാ പൊലീസ് മേധാവി (എസ്പി) കെ.ബി.വേണുഗോപാലിനെ സ്ഥലംമാറ്റിയിരുന്നു. ഭീകരവിരുദ്ധ സ്‌ക്വാഡ് എസ്പിയായാണ് പുതിയ നിയമനം.മരിച്ച രാജ് കുമാറിനെ അറസ്റ്റ് രേഖപ്പെടുത്താതെ 4 ദിവസം കസ്റ്റഡിയില്‍ വച്ചത് ഇടുക്കി ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അറിഞ്ഞുകൊണ്ടാണെന്ന് അറസ്റ്റിലായ എസ്ഐ കെ.എം.സാബു ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയിരുന്നു. അതിന്റെ അടസ്ഥാനത്തിലായിരുന്നു നടപടി.