ഇന്ത്യൻ 2 വിൽ സി.ബി.ഐ ഓഫീസറായി നെടുമുടി വേണു വീണ്ടും അഭിനയിക്കുന്നു

ന്ത്യന്‍ സിനിമാമേഖലയില്‍ ശക്തമായ പ്രതിഫലനമുണ്ടാക്കിയ കമല്‍ ഹാസന്റെ ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗത്തില്‍ സി.ബി.ഐ ഓഫീസറായി നെടുമുടി വേണു അഭിനയിക്കും. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ശങ്കറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇരുപത് വര്‍ഷം മുന്‍പ് ഇറങ്ങിയ ഇന്ത്യനിലെ ആദ്യ ഭാഗത്തിലും സി.ബി.ഐ ഓഫീസറായാണ് നെടുമുടി വേണു വേഷമിട്ടിരുന്നത്. അഴിമതിയ്‌ക്കെതിരെ കത്തിയെടുക്കുന്ന സ്വാതന്ത്രസമര സേനാനി സേനാപതിയുടെ വേഷമാണ് സിനിമയില്‍ കമല്‍ഹാസന്‍ കൈകാര്യം ചെയ്യുന്നത്. കമലിന്റെ കരിറിലെ അവസാനത്തെ ചിത്രം കൂടിയാണിത്. തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ 2 വിനെ കമല്‍ നോക്കിക്കാണുന്നത്. മക്കള്‍ നീതിമയ്യം എന്ന പാര്‍ട്ടി രൂപീകരിച്ച് തമിഴക ഭരണം പിടിയ്ക്കാനുള്ള ഒരുക്കത്തിലാണ് ഈ സൂപ്പര്‍താരം.

സിനിമയിലെ പോലെ തന്നെ രാഷ്ട്രീയത്തിലും തന്റെ എതിരാളിയായി വരാന്‍ പോകുന്ന രജനീകാന്തിനെ ബ്രഹ്മാണ്ഡ സിനിമ 2.0 സമ്മാനിച്ച സംവിധായകന്‍ ശങ്കര്‍ തന്നെയാണ് ഇന്ത്യന്‍ 2 ഉം സംവിധാനം ചെയ്യുന്നത്.

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ശങ്കര്‍. സാങ്കേതിക വിദ്യയുടെ സഹായത്തോടെ തിരശീലയ്ക്ക് തീപിടിപ്പിക്കുന്ന ഈ സംവിധായകനില്‍ നിന്ന് ഇന്ത്യന്‍ സിനാമാലോകം അവസാനമായി കണ്ട ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 2.0 ആണ്. ചെന്നൈയിലൂടെ കാറില്‍യാത്ര ചെയ്യുമ്പോളാണ് മൊബൈല്‍ ഫോണുകള്‍ പറന്നു പോകുന്ന 2.0യുടെ ആശയം ശങ്കറിന് തോന്നിയത്.

ശങ്കറിന്റെ ഭൂരിഭാഗം സിനിമകളിലും മലയാളി താരങ്ങളുണ്ട് കൊച്ചിന്‍ ഹനീഫ, നെടുമുടി വേണു, കലാഭവന്‍ മണി ഇപ്പോള്‍ 2.0യിലൂടെ ഷാജോണ്‍ ഇങ്ങനെ പോകുന്നു ശങ്കര്‍ ചിത്രങ്ങളിലെ മലയാളി നിര. ഇന്ത്യന്‍ 2വില്‍ സിബിഐ ഓഫീസറെ അവതരിപ്പിക്കാന്‍ നെടുമുടി വേണു അല്ലാതെ മറ്റൊരു മുഖവും ശങ്കറിന് മുന്നില്‍ ഉണ്ടായിരുന്നില്ല.

ഇങ്ങനെ ഭൂരിഭാഗം ചിത്രങ്ങളിലും മലയാളി സാന്നിദ്ധ്യം ഉറപ്പിക്കുന്നത് ശങ്കറിന്റെ ഒരു മാര്‍ക്കറ്റിങ് തന്ത്രമല്ലേ എന്ന ചോദ്യവും ഉയര്‍ന്നുവരുന്നുണ്ട്. എന്നാള്‍ ആ ചോദ്യങ്ങളെ എല്ലാം തള്ളി ശങ്കര്‍ നല്‍കുന്ന ഉത്തരം ഇതാണ് ഒരിക്കലുമല്ല ഓരോ കഥാപാത്രത്തിനും യോജിക്കുന്ന ആളുകളെ തിരഞ്ഞെടുക്കുക മാത്രമാണ് ചെയ്യുന്നത്. 2.0വിലെ കഥാപാത്രത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ തന്റെ മനസില്‍ കൊച്ചിന്‍ ഹനീഫയായിരുന്നു. അദ്ദേഹം നമുക്കൊപ്പം ഇല്ലല്ലോ, അപ്പോള്‍ ഏറ്റവും അനുയോജ്യമായ അടുത്തയാള്‍ക്കുള്ള അന്വേഷണമാണ് ഷാജോണിലെത്തിയത്.

മലയാളത്തിലെ എല്ലാ നടന്മാരും അപൂര്‍വ പ്രതിഭയുള്ളവരാണെന്നും ശങ്കര്‍ പറഞ്ഞു. നല്ല പ്രമേയം വന്നാല്‍ മലയാളത്തിലും തന്റെ കൈയൊപ്പ് പതിപ്പിക്കുമെന്നും ശങ്കര്‍ വ്യക്തമാക്കി.

സിനാമാലോകത്തേക്ക് ഒരു അഭിനേതാവാണ് ശങ്കര്‍ കാലെടുത്ത് വെച്ചത്. നടനായി സിനിമാലോകത്തേക്ക് എത്തിയത് കൊണ്ട് തന്നെ സംവിധായക കുപ്പായത്തിനുള്ളില്‍ ഇപ്പോഴും ഒരു അഭിനയ മോഹം ഒളിഞ്ഞിരിക്കുന്നുണ്ടാകും എന്നാണ് എല്ലാവരം കരുതിയത് എന്നാല്‍ ആരാധകരെ രസിപ്പിച്ചു കൊണ്ട് ശങ്കര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്, ‘ഇല്ല എനിക്ക് ആഗ്രഹമുണ്ടെങ്കിലും ഭാര്യയും മകളും സമ്മതിക്കില്ല. എന്റെ മുഖം സ്‌ക്രീനില്‍ കാണാന്‍ വയ്യ എന്നാണ് അവര്‍ പറയുന്നത്’ ശങ്കര്‍ പറഞ്ഞു നിര്‍ത്തി.

Top