നെടുമുടി വേണുവിന് കേരളം യാത്രാമൊഴി നല്‍കി; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടന്‍ നെടുമുടി വേണുവിന് കേരളം യാത്രാമൊഴി നല്‍കി. നടന്റെ മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

സാംസ്‌കാരിക-സിനിമാ മേഖലയിലെ നിരവധിപേര്‍ നെടുമുടി വേണുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തലസ്ഥാനത്തെത്തി. രാവിലെ അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശാന്തികവാടത്തിലേക്കു കൊണ്ടുപോയത്.

നടന്‍ വിനീത്, മണിയന്‍പിള്ള രാജു, മധുപാല്‍, ടി.പി.മാധവന്‍, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ച് അയ്യങ്കാളി ഹാളിലെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം.ബി.രാജേഷ്, മന്ത്രിമാരായ വി.ശിവന്‍കുട്ടി, സജി ചെറിയാന്‍, അഹമ്മദ് ദേവര്‍കോവില്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, സമുദായ-സാംസ്‌കാരിക നേതാക്കള്‍, നാടക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Top