ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍ എന്ന സിനിമയുടെ സംവിധായകരില്‍ ഒരാളായ ഷാനില്‍ മുഹമ്മദ് സ്വതന്ത്ര സംവിധായകനാവുന്നു. യുവതാരങ്ങളായ ഉണ്ണി മുകുന്ദന്‍, ആസിഫലി, വിനയ് ഫോര്‍ട്ട് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോജിന്‍ തോമസിനൊപ്പമാണ് ഷാനില്‍ ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍ സംവിധാനം ചെയ്തത്.
പുതിയ സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് കൊച്ചിയിലെത്തുന്ന മൂന്നു ചെറുപ്പക്കാര്‍ കണ്ടുമുട്ടുന്നു. ഓരോരുത്തര്‍ക്കും അവരുടേതായ പ്രശ്‌നങ്ങളുണ്ട്. ഇവരുടെ ജീവിതത്തിലേക്ക് നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രം കടന്നു വരികയാണ്. പിന്നെ അദ്ദേഹം അവരുടെ വഴികാട്ടിയും എല്ലാമെല്ലാവും ആവുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ ചാര്‍ലി എന്ന സിനിമയില്‍ സമാനമായ വേഷമാണ് നെടുമുടി അവതരിപ്പിച്ചത്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. അതേസമയം, ലെന ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൊച്ചി, വാഗമണ്‍, സേലം, അട്ടപ്പാടി, മൂന്നാര്‍ എന്നിവിടങ്ങളാണ് പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകള്‍.