നെടുങ്കണ്ടം കസ്റ്റഡി മരണം; അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടും

തിരുവനന്തപുരം: നെടുങ്കണ്ടം കോലാഹല മേട്ടിലെ രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ നിര്‍ദ്ദേശം. സംസ്ഥാന സര്‍ക്കാരാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. പ്രതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനും നിര്‍ദ്ദേശം നല്‍കി.

കേസില്‍ അന്വേഷണം നടത്തിയ ജസ്റ്റീസ് നാരായണ കുറുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ആക്ഷന്‍ ടേക്കണ്‍ സ്റ്റേറ്റ്‌മെന്റ് സര്‍ക്കാര്‍ സഭയില്‍ വെച്ചു. രാജ്കുമാറിന്റെ ഭാര്യയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമായി ആകെ 45 ലക്ഷം രൂപ നല്‍കാനാണ് കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.

കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ റിപ്പോര്‍ട്ട് പൊലീസിനെതിരായിരുന്നു. കസ്റ്റഡി മര്‍ദ്ദനം മൂലമാണ് രാജ്കുമാര്‍ മരിച്ചതെന്നും പോസ്റ്റുമോര്‍ട്ടം പോലും പൊലീസ് അട്ടിമറിച്ചതായും കമ്മീഷന്‍ നിരീക്ഷിച്ചു.

സമാനതകളില്ലാത്ത സംഭവമാണ് ഉണ്ടായതെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ പറഞ്ഞു. തെളിവുള്ളവര്‍ക്ക് എതിരെ ശക്തമായ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ പറഞ്ഞു. കസ്റ്റഡി കൊലപാതകം റിപ്പോര്‍ട്ട് ജുഡീഷ്യല്‍ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് കൈമാറി.

 

Top