നെടുങ്കണ്ടം കസ്റ്റഡി മരണം; ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നത് കള്ളമെന്ന് രാജ്കുമാറിന്റെ കുടുംബം

പീരുമേട് : പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച കേസിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് രാജ്കുമാറിന്റെ കുടുംബം. കേസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രൂപീകരിച്ചിട്ടില്ലെന്നും നിലവിലെ അന്വേഷണത്തില്‍ ഒട്ടുംതന്നെ തൃപ്തിയില്ലെന്നും രാജ്കുമാറിന്റെ ബന്ധു ആന്റണി വ്യക്തമാക്കി.

ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യം ഉയര്‍ന്നു. രാജ്കുമാറിനെ കസ്റ്റഡിയില്‍വെച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും ആന്റണി പറഞ്ഞു. രാജ് കുമാര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നത് കള്ളമാണെന്നും മുമ്പ് അപകടത്തില്‍ പരുക്കേറ്റ രാജ്കുമാറിന് ഓടാന്‍ കഴിയില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

അതേസമയം മരണകാരണം ക്രൂരമര്‍ദനത്തെ തുടര്‍ന്നുള്ള ആന്തരിക മുറിവുകളാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. രാജ്കുമാറിന്റെ മരണകാരണം ന്യുമോണിയ എങ്കിലും അതിലേക്ക് നയിച്ചത് ക്രൂര മര്‍ദ്ദനത്തിലുണ്ടായ ആന്തരിക മുറിവുകളെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കൃത്യസമയത്ത് ചികിത്സ നല്‍കാത്തത് മൂലം മുറിവുകള്‍ പഴുത്ത് ന്യുമോണിയ ബാധിച്ചാണ് രാജ്കുമാര്‍ മരിച്ചത്. മര്‍ദ്ദനത്തില്‍ വാരിയെല്ലുകള്‍ പൊട്ടിയിയുണ്ട്. ഇരുകാലുകള്‍ക്കും സാരമായി പരിക്കുണ്ടെന്നും തൊലി അടര്‍ന്ന നിലയായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

പൊലിസിന്റെ വാദങ്ങളെ എല്ലാം തള്ളുന്ന തരത്തിലാണ് റിപ്പോര്‍ട്ട്. രാജ്കുമാറിനെ ഓടിച്ചിട്ട് പിടിച്ചതാണെന്ന പൊലിസ് വാദം പൊളിഞ്ഞതിനു പിന്നാലെയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും എതിരാകുന്നത്. അതിനിടെ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് പതിനഞ്ചാം തിയ്യതിയെന്ന പൊലീസ് വാദം തള്ളി ദൃക്സാക്ഷി മൊഴിയും പുറത്ത് വന്നു.

പൊലീസിന് കൈമാറുമ്പോള്‍ രാജ്കുമാറിന് കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ദൃക്സാക്ഷിയായ ആലിസ് പറയുന്നു. ഇതിനിടെ പതിനാറാം തിയ്യതി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ രാജ്കുമാറിന്റെ അവസ്ഥ തീരെ മോശമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. ജയിലിലേക്ക് മാറ്റാന്‍ പറ്റിയ അവസ്ഥയല്ലെന്ന് പറഞ്ഞെങ്കിലും അത് കേള്‍ക്കാതെ പ്രതിയെ പൊലീസ് കൊണ്ടുപോയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജയിലില്‍ എത്തിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു പ്രതിയുടേതെന്ന് പീരുമേട് സബ് ജയില്‍ സൂപ്രണ്ട് ജി അനില്‍ കുമാറും വെളിപ്പെടുത്തി.

Top