നെടുങ്കണ്ടം കസ്റ്റഡി മരണം; സിബിഐ സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. ഹരിത ഫിനാന്‍സ് ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വാഗമണ്‍ സ്വദേശി രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചു കൊന്ന കേസിലാണ് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. നെടുങ്കണ്ടം എസ്.ഐ ആയിരുന്ന കെ.എ.സാബുവാണ് കേസില്‍ ഒന്നാം പ്രതി. ഇദ്ദേഹത്തെ കൂടാതെ അതേ സ്റ്റേഷനില്‍ എട്ട് പൊലീസുകാരെ കൂടി സിബിഐ പ്രതി ചേര്‍ത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഇടുക്കി എസ്.പി വേണുഗോപാല്‍, ഡിവൈഎസ്പിമാരായ ഷംസുദ്ദീന്‍, ജയില്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്കുമാറിനെ അന്യായമായി കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. രാജ്കുമാറിനെതിരെ പ്രതികള്‍ വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നും കുറ്റപത്രത്തില്‍ സിബിഐ പറയുന്നു. നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഏഴ് പൊലീസുകാരെയാണ് കേസില്‍ പ്രതികളാക്കിയിരുന്നത്. ഒരു ഹെഡ് കോണ്‍സ്റ്റബിളിനേയും ഒരു വനിതാ പൊലീസുദ്യോഗസ്ഥയേയും സിബിഐ കേസില്‍ അധികമായി പ്രതി ചേര്‍ത്തിട്ടുണ്ട്.

2019 ജൂണ് 12നാണ് ഹരിതാ ഫിനാന്‍സ് ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമണ് സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടുന്നത്. എന്നാല്‍ കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരില്‍ നാല് ദിവസം ക്രൂരമായി മര്‍ദ്ദിച്ചു. ഒടുവില്‍ ജീവച്ഛവമായപ്പോള്‍ മജിസ്‌ട്രേറ്റിനെ പോലും കബളിപ്പിച്ച് പീരുമേട് ജയിലില്‍ റിമാന്‍ഡ് ചെയ്തു. ആരോഗ്യസ്ഥിതി വഷളായ രാജ്കുമാര്‍ ജൂണ് 21ന് ജയിലില്‍ വച്ചാണ് മരിച്ചത്. ആദ്യഘട്ടത്തില്‍ ഹൃദയാഘാതമെന്ന് പറഞ്ഞ് കേസ് ഒതുക്കി തീര്‍ക്കാനായിരുന്നു പൊലീസ് ശ്രമം. എന്നാല്‍ ബന്ധുക്കള്‍ പൊലീസിനെതിരെ രംഗത്തെത്തിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടത്തു. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്‌ഐ സാബു അടക്കമുള്ള 7 പൊലീസുകാരെ അറസ്റ്റും ചെയ്തു.

എന്നാല്‍ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവര്‍ കുറ്റാരോപിതരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നതിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് ജൂലൈ നാലിന് ജുഡീഷ്യല്‍ കമ്മീഷനെ സമാന്തര അന്വേഷണത്തിന് സര്‍ക്കാര്‍ നിയോഗിച്ചത്. പിന്നാലെ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി ജുഡീഷ്യല്‍ കമ്മീഷന്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറിയിരുന്നു.

കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ജൂലൈ 29ന് രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റുമോര്‍ട്ടം ചെയ്തു. രാജ്കുമാറിന്റെ മരണം ന്യൂമോണിയ മൂലമെന്ന ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തള്ളുന്നതായിരുന്നു രണ്ടാം റിപ്പോര്‍ട്ട്. ആദ്യ സര്‍ജന്‍മാര്‍ മനപ്പൂര്‍വം കൃത്രിമം കാണിച്ചുവെന്നും കമ്മീഷന്‍ കണ്ടെത്തി. ഒന്നര വര്‍ഷത്തിനിടെ 200 ലധികം പേരില്‍ നിന്നാണ് കമ്മീഷന്‍ തെളിവെടുത്തത്. രാജ് കുമാറിന്റെ ഭാര്യ വിജയയെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമിച്ച് ഉത്തരവായത് കഴിഞ്ഞ ആഴ്ചയാണ്. ലാന്‍ഡ് റവന്യൂ വകുപ്പില്‍ ക്ലര്‍ക്കായാണ് നിയമനം.

 

Top