സഞ്ജിത്ത് വധം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയില്‍

പാലക്കാട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതത്തില്‍ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നും സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടിക്കാന്‍ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

കഴിഞ്ഞ നവംബര്‍ 15നാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വെട്ടേറ്റ് മരിച്ചത്. കൊലപാതകം നടന്ന ഒരു മാസം പിന്നിടുമ്പോഴും മൂന്ന് പ്രതികളെ മാത്രമാണ് പൊലീസിന് പിടികൂടാന്‍ കഴിഞ്ഞത്.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫര്‍, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുല്‍സലാം, ഒറ്റപ്പാലം സ്വദേശി നിസാര്‍ എന്നിവരെയാണ് പിടികൂടിയത്.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേര്‍ അടക്കം അഞ്ച് പേരെ ഇനിയും പിടികൂടാനുണ്ട്. പ്രതികളെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിച്ചിട്ടും കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.

Top