ട്രാഫിക് നിയമങ്ങള്‍ അനുസരിക്കുന്നതും, കൃത്യസമയത്ത് ടാക്‌സ് അടയ്ക്കുന്നതും, കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതും, വോട്ട് ചെയ്യുന്നതുമെല്ലാം രാജ്യത്തോടുള്ള പൗരന്റെ ചുമതലകളില്‍ പെടുന്ന വിഷയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 70ാമത് ഭരണഘടനാ ദിനത്തിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഭരണഘടനാ ചുമതലകള്‍ക്കായി അദ്ദേഹം സംസാരിച്ചത്.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത സമ്മേളനം ബഹിഷ്‌കരിച്ചിരുന്നു. ‘കുട്ടികളുടെ വാക്‌സിനേഷനും, ടാക്‌സ് അടയ്ക്കുന്നതും, വോട്ട് ചെയ്യാന്‍ പോകുന്നതുമെല്ലാം ആരും ചോദിക്കാതെ ചെയ്യേണ്ട കാര്യങ്ങളാണ്, എല്ലാ പൗരന്‍മാരുടെ ചുമതലകളാണ്’, മോദി വ്യക്തമാക്കി.
സേവനവും, ചുമതലയും തമ്മില്‍ വ്യത്യാസമുണ്ടെന്നും പ്രധാനമന്ത്രി ഉദാഹരണം പറഞ്ഞ് ചൂണ്ടിക്കാണിച്ചു. ‘റോഡില്‍ ഒരാളെ സഹായിച്ചാല്‍ അത് നല്ല കാര്യവും സേവനവുമാണ്. എന്നാല്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ച് മറ്റാര്‍ക്കും ബുദ്ധിമുട്ട് നല്‍കുന്നില്ലെങ്കില്‍ അത് ചുമതലയാണ്’, അദ്ദേഹം പറഞ്ഞു. രക്ഷിതാക്കള്‍ മക്കള്‍ക്ക് മാതൃഭാഷ പഠിപ്പിച്ച് നല്‍കുന്നതും ചുമതലയില്‍ പെടും.
കഴിഞ്ഞ 70 വര്‍ഷക്കാലം ആളുകളെ അവകാശങ്ങള്‍ പറഞ്ഞ് പഠിപ്പിക്കുകയായിരുന്നു നയങ്ങള്‍ നിര്‍മ്മിക്കുന്നവരുടെ ദൗത്യം. വര്‍ഷങ്ങളോളം അവകാശങ്ങള്‍ എന്തെന്ന് അറിയാത്ത ജനവിഭാഗം ഉണ്ടായിരുന്നതാണ് കാരണം. എന്നാല്‍ അവകാശങ്ങള്‍ പോലെ ചുമതലകളെ ഗൗരവമായി നമ്മള്‍ കാണുന്നുണ്ടോ?, പ്രധാനമന്ത്രി മോദി ചോദിച്ചു.