കൊച്ചി: സംസ്ഥാനത്ത് നാട്ടിലേക്ക് മടങ്ങിപോകാനാവശ്യപ്പെട്ട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം തുടരുന്നു. കൊല്ലം തോപ്പില്‍കടവില്‍ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച അതിഥി തൊഴിലാളികളെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തിവീശേണ്ടി വന്നു. എറണാകുളം കിഴക്കമ്പലത്ത് കാല്‍നടയായി എത്തിയ സ്ത്രീ തൊഴിലാളികളെ പൊലീസ് അനുനയിപ്പിച്ചു സ്‌കൂളിലേ ക്യാമ്പുകളിക്ക് മാറ്റി.
കിഴക്കമ്പലത്തെ കിറ്റെക്‌സ് കമ്പനിയില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ ആണ് 12 മണിയോടെ സ്വദേശത്തേക്ക് പോകാന്‍ ഇറങ്ങിയത്. ജാര്‍ഖണ്ഡ് സ്വദേശികളായ അഞ്ഞൂറോളം തൊഴിലാളികളാണ് തെരുവിലിറങ്ങിയത്. പൊലീസും തൊഴില്‍ വകുപ്പ് അധികൃതരും ഇവരെ തിരിച്ചയക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം വഴങ്ങിയില്ല. ഒടുവില്‍ കിഴക്കമ്പലം ബസ് സ്റ്റാന്‍ഡിനു മുന്നില്‍ ഇവരെ തടഞ്ഞു.
ഇന്ന് ജാര്‍ഖണ്ഡിലേക്ക് ട്രെയിന്‍ ഇല്ലെന്നും മറ്റന്നാള്‍ സൗകര്യം ഒരുക്കാം എന്നും അറിയിച്ചു. സ്‌കൂളില്‍ താമസം കൂടി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ വഴങ്ങിയത്. നാട്ടില്‍ പോകണമെന്ന ആവശ്യവുമായി ലേബര്‍ ഓഫിസറെ കാണാന്‍ കലക്ടറേറ്റിനു മുന്നില്‍ കൂട്ടം കൂടിയ അതിഥി തൊഴിലാളികളെ അവിടെ നിന്നും മടക്കി അയച്ചതിനു പിന്നാലെയാണ് കൊല്ലം തോപ്പില്‍കടവില്‍ തൊഴിലാളികള്‍ സംഘടിച്ചത്. ഭക്ഷണം കിട്ടുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.