കറാച്ചി: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ വെങ്കല മെഡല്‍ നേടിയ പാക് യുവ ജാവലിന്‍ താരം മുഹമ്മദ് യാസിറിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് ഇന്ത്യയുടെ ഒളിംപിക് ചാമ്പ്യന്‍ നീരജ് ചോപ്ര. കഴിഞ്ഞ മാസം ബാങ്കോക്കകില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ 79.93 മീറ്റര്‍ ദൂരം എറിഞ്ഞാണ് മുഹമ്മദ് യാസിര്‍ വെങ്കല മെഡല്‍ നേടിയത്. ചാമ്പ്യന്‍ഷിപ്പില്‍ പാക്കിസ്ഥാന്റെ ഏക മെഡലാണിത്.
നീരജ് തന്നെ ഫോണില്‍ വിളിച്ച് മെഡല്‍ നേട്ടത്തില്‍ അഭിന്ദിച്ചത് ശരിക്കും അത്ഭുതപ്പെടുത്തിയെന്ന് യാസിര്‍ ജിയോ ടിവിയോട് പറഞ്ഞു. വരാനിരിക്കുന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ മികച്ച പ്രകടനം നടത്താന്‍ നീരജ് എല്ലാവിധ ആശംസകളും നേര്‍ന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും യാസിര്‍ പറഞ്ഞു. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ആറ് സ്വര്‍ണവും 12 വെള്ളിയും ഉള്‍പ്പെടെ 27 മെഡലുകള്‍ നേടിയപ്പോള്‍ യാസിറിന്റെ വെങ്കലം കൊണ്ട് പാക്കിസ്ഥാന് തൃപ്തിപ്പെടേണ്ടിവന്നു. പാക് ജാവലിന്‍ താരം അര്‍ഷാദ് നദീം പരിക്കു മൂലം ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നില്ല.
നീരജ് ചോപ്രയുടെ പ്രകടനം എല്ലായ്പ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ പരിശീലന രീതികള്‍ പിന്തുടരാന്‍ ശ്രമിക്കാറുണ്ടെന്നും യാസിര്‍ പറഞ്ഞു. ഇന്ത്യന്‍ താരങ്ങളും പാക് താരങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ പരിശീലകരുടെ കീഴില്‍ മികച്ച പരിശീലന സൗകര്യങ്ങല്‍ ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ മികച്ച കായിക താരങ്ങളെ സൃഷ്ടിക്കാന്‍ ഇന്ത്യക്കാവുന്നു.
എന്നാല്‍ പാക്കിസ്ഥാനില്‍ വേണ്ടത്ര പരിശീലന സാമഗ്രികളോ പരീശീലനത്തിനായി വിദേശ പരിശീലകരുടെ സേവനമോ ഞങ്ങള്‍ക്ക് ലഭ്യമല്ല. എന്നിട്ടും ഞങ്ങള്‍ എങ്ങനെയൊക്കെയോ മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്. ഇക്കാര്യത്തില്‍ പാക് താരം അര്‍ഷാദ് നദീമിനെ പ്രത്യേകം അഭിനന്ദിക്കണമെന്നും യാസിര്‍ പറഞ്ഞു.