ദില്ലി: സ്വര്‍ണ്ണം നേടുകയെന്നത് രാജ്യത്തിന്റെയും തന്റെയും സ്വപ്നമായിരുന്നെന്ന് ടോക്യോ ഒളിമ്പിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. അഭിമാന നേട്ടത്തില്‍ അതിയായ സന്തോഷമുണ്ട്. ഭാവിയിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്നും നീരജ് ചോപ്രാ പറഞ്ഞു.
പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഫൈനല്‍സിലെ രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ ത്രോ പായിച്ചാണ് 23കാരനായ നീരജ് ചോപ്ര സ്വതന്ത്ര ഇന്ത്യക്ക് ആദ്യ അത്ലറ്റിക്‌സ് മെഡല്‍ നേടിക്കൊടുത്തത്. അതും സ്വര്‍ണമെഡല്‍.
അതേസമയം ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച നീരജ് ചോപ്രയെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ അഭിനന്ദിച്ചിരുന്നു. നേരത്തെ നീരജ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയതിന് പിന്നാലെ പ്രധാനമന്ത്രി നീരജിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. നീരജിന്റെ കഠിനാധ്വാനത്തെയും ദൃഢനിശ്ചയത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.