നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലായി; നടപടി ഇന്ത്യയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്

ലണ്ടന്‍: വായ്പ്പാത്തട്ടിപ്പു നടത്തി രാജ്യം വിട്ട നീരവ് മോദി അറസ്റ്റിലായി. ലണ്ടനില്‍ വെച്ചാണ് നീരവ് മോദിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മോദിയെ വിട്ടു കിട്ടണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി. ഇന്ന് തന്നെ മോദിയെ കോടതിയില്‍ ഹാജരാക്കും.

നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി 2018 ഓഗസ്റ്റില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അപേക്ഷ നല്‍കിയിരുന്നു. യുകെ ആഭ്യന്തര സെക്രട്ടറി സജിദ് ജാവീദാണ് ഇന്ത്യയുടെ അപേക്ഷയില്‍ ഒപ്പു വെച്ചത്. അറസ്റ്റിനു പിന്നാലെ കേസിലെ വിചാരണയും തുടങ്ങും.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനു പിന്നാലെ ഇന്ത്യ വിട്ട നീരവ് ലണ്ടനിലാണ് താമസിക്കുന്നതെന്നുള്ള വിവരം കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. നീരവ് മോദിക്കെതിരെ നേരത്തെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ നീരവിനെതിരായ നടപടികള്‍ കൈക്കൊള്ളാന്‍ യു കെ അധികൃതരോടും ഇന്റര്‍പോളിനോടും സി ബി ഐ ആവശ്യപ്പെടുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാജരേഖ ചമച്ച് മറ്റു രാജ്യങ്ങളിലേക്ക് നീരവ് കടക്കാനുള്ള സാധ്യതയുള്ളതിനാല്‍ അത്തരമൊരു അവസരം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കണമെന്നും സി ബി ഐ ഇന്റര്‍പോളിനോടും ബ്രിട്ടീഷ് അധികൃരോടും ആവശ്യപ്പെട്ടിരുന്നു.

ലണ്ടന്‍ വെസ്റ്റ് എന്‍ഡിലെ ആഡംബര കെട്ടിട സമുച്ചയമായ സെന്റര്‍ പോയിന്റ് ടവറിലാണ് നീരവ് മോദിയുടെ താമസമെന്നും ഇതിന്റെ വാടക ഒരു മാസം ഏകദേശം 17,000 യൂറോ (15 ലക്ഷം രൂപ) വരുമെന്നുമുള്ള വിവരങ്ങളും പുറത്തു വന്നിരുന്നു.

അതേസമയം നീരവ് യു.കെയിലുണ്ടെന്ന കാര്യം 2018 ഓഗസ്റ്റില്‍ തന്നെ അധികൃതരെ അറിയിച്ചതാണ്. എന്നാല്‍ എവിടാണുള്ളതെന്ന് വ്യക്തമായി അറിയില്ലായിരുന്നു. അഭിഭാഷകരും മറ്റുമായുള്ള കൂടിക്കാഴ്ചകളുടെ ഭാഗമായി നീരവ്, നിരവധി യൂറോപ്യന്‍ യാത്രകള്‍ നടത്തിയിരുന്നതായും ഇന്ത്യക്ക് അറിയാമായിരുന്നെന്നും സി ബി ഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Top