മുംബൈ: കോടിക്കണക്കിന് രുപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുമായി ബന്ധപ്പെട്ട സാമ്പത്തിക രേഖകള്‍ ‘ദുരൂഹസാഹചര്യത്തില്‍’ നശിച്ചതായി റിപ്പോര്‍ട്ട്. ദക്ഷിണ മുംബൈയിലെ ബല്ലാഡ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന ആദായനികുതി ഓഫീസില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ രേഖകള്‍ കത്തിനശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഗ്‌നിശമന സേന ലെവല്‍ 4 തീപിടിത്തമായി വിലയിരുത്തിയ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. തീപിടിച്ച ഓഫീസിനുള്ളില്‍ കുടുങ്ങിയ ഏഴു പേരെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകിട്ടോടെയാണ് തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചത്. തീപിടിത്തമുണ്ടായ കെട്ടിടത്തിനുള്ളില്‍ സ്ഥിതി ചെയ്തിരുന്ന ആദായനികുതി ഓഫീസും ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ ഓഫീസും പൂര്‍ണമായി കത്തിനശിച്ചിരുന്നു.