പിഎന്‍ബി വായ്പാ തട്ടിപ്പ്; കേസ് ഒത്തുതീര്‍പ്പാക്കാന്‍ പലവട്ടം ശ്രമിച്ചിരുന്നുവെന്ന് മെഹുല്‍ ചോക്‌സി

MEHUL-CHOKSI

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസ് ഒത്തുതീര്‍ക്കുവാന്‍ പലവട്ടം ശ്രമിച്ചതാണെന്ന് മുഖ്യ പ്രതികളില്‍ ഒരാളായ മെഹുല്‍ ചോക്സി. കേസിലെ പ്രധാന പ്രതിയായ നീരവ് മോദിയുടെ അമ്മാവനാണ് മെഹുല്‍ ചോക്സി. നീരവ് മോദി ഇപ്പോള്‍ ലണ്ടനില്‍ അറസ്റ്റിലാണ്.

താന്‍ അമേരിക്കയില്‍ ചികിത്സയിലായിരുന്ന കാലത്താണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും നടപടികളെടുത്തതെന്നും തന്റെ 12000 കോടി രൂപയുടെ ബിസിനസ് കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തെന്നും ചോക്സി കുറ്റപ്പെടുത്തി. മെഹുല്‍ ചോക്സിയുടെ അഭിഭാഷകര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

1995ല്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ സമര്‍പ്പിച്ച രേഖകള്‍ ആധാരമാക്കിയാണ് റെയ്ഡുകള്‍ നടത്തിയതെന്ന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഈ രേഖകള്‍ തിരുത്താന്‍ പല തവണ ബാങ്കിനോട് ആവശ്യപ്പെട്ടതാണെന്നും, വായ്പാ തട്ടിപ്പ് നടത്തിയ ഒരു കമ്പനിയുമായും ചോക്സിക്ക് ഇപ്പോള്‍ ബന്ധമില്ലെന്നും ഇതില്‍ അവകാശപ്പെടുന്നു. പുറമെ, 2000 ത്തില്‍ തന്നെ ഈ കമ്പനികളുടെ പങ്കാളിത്തത്തില്‍ നിന്ന് ചോക്സി ഒഴിഞ്ഞതാണെന്നും അഭിഭാഷകര്‍ പറയുന്നു.

അതേസമയം, ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ ഇന്ത്യ എതിര്‍ക്കും. ലണ്ടനിലെത്തുന്ന എന്‍ഫോഴ്സ്മെന്റ് സംഘം നീരവ് മോദിക്കെതിരായ തെളിവുകള്‍ ഹാജരാക്കുന്നതാണ്. വെള്ളിയാഴ്ച ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

നേരത്തെ നീരവ് മോദി നല്‍കിയ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളിക്കളഞ്ഞിരുന്നു. സാമ്പത്തിക തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്താണ് അന്ന് ജാമ്യം നിഷേധിച്ചത്. ജാമ്യത്തില്‍ വിട്ടാല്‍ ഒളിവില്‍പ്പോവാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. മാര്‍ച്ച് 20നാണ് നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലാകുന്നത്. നരേന്ദ്രമോദി നീരവ് മോദിയെ സഹായിക്കുകയാണെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്.

Top