ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് 17.5 കോടി രൂപ നല്‍കി ഒളിവിലുള്ള വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരി. ബാങ്ക് വായ്പാ തട്ടിപ്പുകേസില്‍ മാപ്പ് ലഭിച്ചതിനു പിറകെയാണ് പൂര്‍വി മോദി ബ്രിട്ടീഷ് അക്കൗണ്ടില്‍നിന്ന് ഇത്രയും തുക ഇ.ഡിക്ക് കൈമാറിയത്.
പൂര്‍വിയുടെ പേരില്‍ നീരവ് മോദി യുകെ ബാങ്കില്‍ തുറന്ന അക്കൗണ്ടിലെ പണമാണ് ഇ ഡിക്ക് കൈമാറിയത്. അക്കൗണ്ടിനെ കുറിച്ച് പര്‍വി മോദി തന്നെയാണ് വിവരം നല്‍കിയതെന്ന് ഇ ഡി അറിയിച്ചു. നേരത്തെ തന്നെ പൂര്‍വിക്കും ഭര്‍ത്താവ് മൈനാക് മേത്തയ്ക്കും 13,500 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ മാപ്പ് നല്‍കിയിരുന്നു. ജനുവരി നാലിന് ആണ് ഇവരുടെ അപേക്ഷ പരിഗണിച്ചത്.
ലണ്ടന്‍ ബാങ്ക് അക്കൗണ്ടിലുള്ള 17.25 കോടി രൂപയാണ് പൂര്‍വി ഇ.ഡിക്ക് കൈമാറിയിരിക്കുന്നത്. ഈ അക്കൗണ്ട് നീരവ് മോദിയുടെ നിര്‍ദേശപ്രകാരമാണ് തുടങ്ങിയത്. ഇതിനെക്കുറിച്ച് പിന്നീടാണ് പൂര്‍വി അറിയുന്നത്. അക്കൗണ്ടിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൂര്‍വി മോദി തങ്ങളെ വിവരമറിയിക്കുകയും പണം കൈമാറുകയും ചെയ്യുകയായിയിരുന്നുവെന്ന് ഇ.ഡി അറിയിച്ചു. അക്കൗണ്ടിലുള്ള പണം തന്റേതല്ലെന്നും പൂര്‍വി വ്യക്തമാക്കിയിട്ടുണ്ട്.