ആയൂരിലെ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനികളെ പരിശോധനയുടെ പേരിൽ അപമാനിച്ച സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അന്വേഷണത്തിന് നിർദേശം നൽകി. വിദ്യാഭ്യാസ അഡീഷനൽ സെക്രട്ടറിയോട് മന്ത്രി അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ധർമേന്ദ്ര പ്രധാന് കത്തയച്ചിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രിയുടെ നടപടി. വിവാദത്തിൽ ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ, കെ. മുരളീധരൻ, ഹൈബി ഈഡൻ എന്നിവർ അടിയന്തര പ്രമേയ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. അതിനിടെ, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ സൈബർ സംഘം കോളേജിൽ എത്തി.
പരീക്ഷ കഴിഞ്ഞു കോളേജിൽ വച്ചു അടിവസ്ത്രം ഇടേണ്ടെന്ന് അധികൃതർ പറഞ്ഞുവെന്നടക്കമുള്ള ആരോപണമാണ് പരീക്ഷ എഴുതിയ വിദ്യാർഥിനികൾ ഉന്നയിച്ചിരിക്കുന്നത്. കേന്ദ്രത്തിൽ ഉണ്ടായത് മോശം അനുഭവമായിരുന്നുവെന്നും അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയതെന്നും ഇവർ പറഞ്ഞു. കൂടാതെ ഒരു പ്രൈവറ്റ് കമ്പനിക്കാണ് പരീക്, നടത്തിപ്പിനുള്ള കരാർ എൻടിഎ നൽകിയതെന്നുമുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സംഭവത്തിൽ മുൻപരിചയമില്ലാത്തവരാണ് കുട്ടികളെ പരിശോധിച്ചതെന്നാണ് പൊലീസ് അറിയിച്ചത്. പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത് 10 പേരായിരുന്നുവെന്നും അറിയിച്ചു.