കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കേരളം. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചു. സംഭവം നാണക്കേടുണ്ടാക്കുന്നതും ഞെട്ടിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി പരീക്ഷാ ഏജൻസിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ വിദ്യാർഥികളുടെ പ്രകടനത്തെ ബാധിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി. വിവാദത്തിൽ ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ, കെ. മുരളീധരൻ, ഹൈബി ഈഡൻ എന്നിവർ അടിയന്തര പ്രമേയ നോട്ടീസ് നൽകുകയും ചെയ്തു.
ആയൂരിലെ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി പരീക്ഷ കേന്ദ്രത്തിനെതിരെയാണ് നീറ്റ് പരീക്ഷക്കായെത്തിയപ്പോൾ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയുയർന്നത്. പരീക്ഷ കഴിഞ്ഞു കോളേജിൽ വച്ചു അടിവസ്ത്രം ഇടേണ്ടെന്ന് അധികൃതർ പറഞ്ഞുവെന്നടക്കമുള്ള ആരോപണമാണ് വിദ്യാർഥിനികൾ ഉന്നയിച്ചിരിക്കുന്നത്. കേന്ദ്രത്തിൽ ഉണ്ടായത് മോശം അനുഭവമായിരുന്നുവെന്നും അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയതെന്നും ഇവർ പറഞ്ഞു.