തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നാളെ. ഒരുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പത്ത് ജില്ലകളിലായി കേരളത്തില്‍ പരീക്ഷ എഴുതാനുള്ളത്. രാജ്യത്താകമാനം 15.19 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. നാളെ രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് പരീക്ഷ. ഏഴരമുതല്‍ ഹാളില്‍ പ്രവേശിക്കാം.
കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, അങ്കമാലി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലായി 12 കേന്ദ്രങ്ങളാണ് ഉള്ളത്.
75ം മാര്‍ക്കിന് 180 ചോദ്യങ്ങളാണുണ്ടാവുക. നെഗറ്റീവ് ഉത്തരത്തിന് ഒരു മാര്‍ക്ക് കുറയും. കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഇക്കുറി നീറ്റ് പരീക്ഷയ്ക്ക് ഉള്ളത്. ഹാള്‍ ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും ഹാള്‍ ടിക്കറ്റിലുള്ള അതേ രേഖയും കൈയില്‍ ഉണ്ടാവണം. വസ്ത്രധാരണത്തിനും നിബന്ധനയുണ്ട്. ഇളം നിറത്തിലുള്ള വസ്ത്രങ്ങളേ പാടുള്ളൂ. ശിരോവസ്ത്രം ധരിച്ചെത്തുന്നവര്‍ ഒരുമണിക്കൂര്‍ മുമ്പ് പരിശോധനയ്‌ക്കെത്തണം.
മൊബൈല്‍ ഫോണ്‍, വെള്ളക്കുപ്പി, വാച്ച് , ഷൂസ് , വസ്ത്രങ്ങളിലെ വലിയ ബട്ടണ്‍ എന്നിവ അനുവദിക്കില്ല. പരീക്ഷാ സെന്ററുകളിലെ കര്‍ശന പരിശോധനകള്‍ കഴിഞ്ഞ വര്‍ഷം പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.