ന്യൂഡൽഹി : ദേശീയ തലത്തിൽ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തിയ നീറ്റ് പരീക്ഷയുടെ ഫലം ഇന്നു പ്രഖ്യാപിച്ചേക്കും. രാജ്യത്താകെ 20,87,449 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം https://neet.nta.nic.in എന്ന ഒഫിഷ്യല്‍ വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും.
ഫലം വരാനിരിക്കുന്ന നീറ്റ്–യുജി പരീക്ഷയ്ക്കു പുതിയ വ്യവസ്ഥകൾ ബാധകമല്ല. ഒരേ മാർക്കു വന്നാൽ ബയോളജി, കെമിസ്ട്രി, ഫിസിക്സ് എന്ന മുൻഗണനാക്രമത്തിൽ മാർക്ക് നോക്കിയാകും റാങ്ക് നിശ്ചയിക്കുക. 3 വിഷയങ്ങളിലും ഒരേ മാർക്കാണെങ്കിൽ ഇതേ ക്രമത്തിൽ ഓരോ വിഷയത്തിലും ശരിയുത്തരങ്ങളുടെ അനുപാതം കൂടുതലുള്ളയാൾക്ക് ഉയർന്ന റാങ്ക് നൽകും.
നീറ്റ്–യുജി പരീക്ഷാ നടത്തിപ്പ്, കൗൺസലിങ്, പാഠ്യപദ്ധതി തുടങ്ങിയ കാര്യങ്ങളെല്ലാം ഇനിമുതൽ എൻഎംസിക്കു കീഴിലെ യുജി മെഡിക്കൽ എജ്യുക്കേഷൻ ബോർഡിന്റെ (യുജിഎംഇബി) നേതൃത്വത്തിലായിരിക്കും. ഇക്കൊല്ലം വരെ പരീക്ഷാ നടത്തിപ്പ് നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക് (എൻടിഎ) ആയിരുന്നു.