നെഹ്റുവും ടിപ്പുവുമില്ലാത്ത പത്രപ്പരസ്യം; കർണാടക സർക്കാരിനെതിരെ കോൺഗ്രസ്

ബെംഗളൂരു: ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി നൽകിയ പത്ര പരസ്യത്തിൽ നിന്ന് സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കി കർണാടക സർക്കാർ. കർണാടകത്തിലെ സ്വാതന്ത്ര്യ സമര നായകരുടെ പട്ടികയിൽ നിന്നും ടിപ്പു സുൽത്താനെയും ഒഴിവാക്കി. ഇതിനു പിന്നാലെ കർണാടക സർക്കാരിനെതിരെ കോൺഗ്രസ് രംഗത്ത് വന്നു. ഈ അൽപ്പത്തരത്തെ നെഹ്റു അതിജീവിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെമ്പാടും കോൺഗ്രസ് പ്രതിഷേധവുമായി രംഗത്ത് വന്നു. ട്വിറ്ററിലും സമൂഹ മാധ്യമങ്ങളിലാകെയും ഈ വിഷയം സജീവമായി ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സർക്കാർ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.

സംസ്ഥാനത്തിന് അകത്തും പുറത്തും പുതിയ വിവാദങ്ങൾക്ക് വഴി തുറന്നിരിക്കുകയാണ് കർണാടക സംസ്ഥാന സർക്കാർ നൽകിയ ഈ പത്രപ്പരസ്യം. പ്രമുഖ പത്രങ്ങളിലെല്ലാം സർക്കാർ ഇന്ന് പരസ്യം നൽകിയിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം വെച്ചുള്ള പരസ്യത്തിൽ മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്ര ബോസ്, സർദാർ വല്ലഭായ് പട്ടേൽ, ലാൽ ബഹദൂർ ശാസ്ത്രി, ബാലഗംഗാധര തിലകൻ, ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയവരുടെ ചിത്രങ്ങൾക്കൊപ്പം സവർക്കറുടെ ചിത്രവും നൽകിയിട്ടുണ്ട്. ഇതിൽ നിന്നാണ് ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയത്.

സ്വതന്ത്ര്യ സമര നായകരുടെ പട്ടികയിൽ നിന്ന് ടിപ്പു സുൽത്താന്റെ ചിത്രവും ഒഴിവാക്കി. കഴിഞ്ഞ ദിവസം ശിവമോഗയിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സവർക്കറുടെ ചിത്രം സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രത്തിൽ ഉൾക്കൊള്ളിച്ചതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഒരു സ്വകാര്യ മാളിലാണ് പരിപാടി നടന്നത്. സ്ഥലത്ത് പ്രതിഷേധിച്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെ ടിപ്പു സുൽത്താന്റെ ചിത്രം വെച്ചുള്ള പോസ്റ്ററുകളും ഫ്ലക്സുകളും പല സ്ഥലത്തും ഉയർന്നു. ബെംഗളൂരുവിലും മൈസുരുവിലും യുവമോർച്ച പ്രവർത്തകർ ഈ പോസ്റ്ററുകളും ഫ്ലക്സുകളും നശിപ്പിച്ചിരുന്നു. ഇത് പലയിടത്തും സംഘർഷങ്ങളിലേക്ക് വരെ നീങ്ങുന്ന സ്ഥിതിയുണ്ടായി. ഇവയ്ക്കെല്ലാം പിന്നാലെയാണ് സർക്കാരിന്റെ പത്ര പരസ്യവും ഇപ്പോൾ പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്.

Top