Nehru College- chairman threat parents

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജില്‍ ജീവനൊടുക്കിയ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ കൊലപ്പെടുത്തുമെന്ന് കോളജ് ചെയര്‍മാന്റെ ഭീഷണി. കോളജ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് കുട്ടികളെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.

കൂടുതല്‍ പ്രതിഷേധിച്ചാല്‍ മക്കളെ മോര്‍ച്ചറിയില്‍ കാണേണ്ടിവരുമെന്നും പണവും സ്വാധീനവും ഉപയോഗിച്ച് താന്‍ കേസ് ഒതുക്കുമെന്നും കൃഷ്ണദാസ് രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയെന്നു പരാതിയില്‍ ആരോപിക്കുന്നു. സമരത്തിനു നേതൃത്വം നല്‍കിയ നാലു കുട്ടികളുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കുമെന്ന് രക്ഷിതാക്കള്‍ അറിയിച്ചു.

ജിഷ്ണു പരീക്ഷയ്ക്കു കോപ്പിയടിച്ചെന്ന ആരോപണം പി.കൃഷ്ണദാസ് ആവര്‍ത്തിച്ചു. കോപ്പിയടിയുമായി ബന്ധപ്പെട്ട് കോളജ് പ്രിന്‍സിപ്പല്‍ ജിഷ്ണുവിനെ ഉപദേശിച്ചതായും സന്തോഷത്തോടെ പോയ കുട്ടി പിന്നീട് ജീവനൊടുക്കുകയായിരുന്നെന്നും കൃഷ്ണദാസ് പറഞ്ഞു.

ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കോളജിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങിയിട്ടുണ്ട്. ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ചെയര്‍മാന്‍ പി.കൃഷ്ണദാസ് അടക്കമുള്ളവരെ ഉപരോധിച്ചിരുന്നു.

Top