nehru college strike stop

കൊച്ചി: ലക്കിടി, പാമ്പാടി നെഹ്രു കോളേജുകളില്‍ നടന്നുവന്ന വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പായി. ജില്ല കലക്ടര്‍മാരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം മാനേജ്‌മെന്റ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്.

ഇരു കോളേജുകളിലും 17 മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും. വിദ്യാര്‍ഥി വിരുദ്ധമായ നടപടികള്‍ നിര്‍ത്തിവയ്ക്കാമെന്ന് മാനേജ്‌മെന്റ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് ഉറപ്പുനല്‍കി.

ഇരു കോളേജുകളിലും എസ്എഫ്‌ഐയുടെയും മറ്റ് വിദ്യാര്‍ഥി സംഘടനകളുടെയും നേതൃത്വത്തില്‍ നടന്നുവന്ന അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ചര്‍ച്ച നടത്താന്‍ വിദ്യാഭ്യാസ മന്ത്രി അതതു ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

ഇതു പ്രകാരം പാമ്പാടി നെഹ്രു കോളേജിലെ പ്രശ്‌നങ്ങള്‍ തൃശൂര്‍ ജില്ലാ കളക്ടറുടെയും ലക്കിടി ജവഹര്‍ കോളേജിലെ പ്രശ്‌നങ്ങള്‍ പാലക്കാട് കളക്ടറുടെയും നേതൃത്വത്തില്‍ പരിഹരിക്കുകയായിരുന്നു.

പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുക,
സമരത്തിനിറങ്ങിയ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക, കോളേജ് തുറന്ന് പ്രവര്‍ത്തിപ്പിക്കുക, മാനേജ്‌മെന്റിന്റെ പ്രതികാര നടപടി അവസാനിപ്പിക്കുക, യൂണിയന്‍ പ്രവര്‍ത്തനം അനുവദിക്കുക തുടങ്ങിയ 12 ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയിരുന്നത്. ഇതെല്ലാം മാനേജ്‌മെന്റ് അംഗീകരിച്ചു. 15 അംഗ സ്റ്റുഡന്റ്‌സ് കമ്മിറ്റി രൂപീകരിക്കാനും പിടിഎ സെല്‍, പരാതി സെല്‍ എന്നിവ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

ഇതോടൊപ്പം പാമ്പാടി കോളേജില്‍ കായിക അധ്യാപകന്‍ ഗോവിന്ദന്‍ കുട്ടിയെ മാറ്റിനിര്‍ത്തും, പ്രതികള്‍ കോളേജില്‍ കയറില്ല, വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാവില്ല, ഫൈന്‍ സിസ്റ്റം ഉണ്ടാകില്ല, അക്കാദമിക കാര്യങ്ങളില്‍ മാനേജ് ഇടപെടില്ല, കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനു പകരം സഹോദരന്‍ കൃഷ്ണകുമാര്‍ കോളേജിലെത്തും, 15 അംഗ സ്റ്റുഡന്റ്‌സ് കമ്മിറ്റി രൂപീകരിക്കും, പരാതി സെല്ലും പിടിഎയും രൂപീകരിക്കും, നഷ്ടപ്പെട്ട ക്ലാസുകള്‍ക്കു പകരം ശനി, ഞായര്‍ ദിവസങ്ങളില്‍ സ്‌പെഷ്യല്‍ ക്ലാസ് നല്‍കും, ഇന്റേണല്‍ മാര്‍ക്ക് പബ്‌ളിഷ് ചെയ്യും മുമ്പ് കുട്ടികളെ അറിയിക്കും എന്നിങ്ങനെയാണു മാനേജ്‌മെന്റിന്റെ ഉറപ്പ്.

വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍, രക്ഷാകര്‍തൃ പ്രതിനിധികള്‍ എന്നിവരാണു ചര്‍ച്ചയില്‍ പങ്കെടുത്തത്. പാമ്പാടി നെഹ്രു കോളേജിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചയില്‍ ജില്ലാ പൊലീസ് മേധാവിയും പങ്കെടുത്തിരുന്നു.

നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് ഒളിവിലായതിനാല്‍ മാനേജ്‌മെന്റ് പ്രതിനിധികളായി പ്രിന്‍സിപ്പല്‍ സുകുമാരന്‍, മെക്കാനിക്കല്‍ ഹെഡ് ജേക്കബ് ജോര്‍ജ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരളി എന്നിവരാണു ചര്‍ച്ചയില്‍ പങ്കെടുത്തത്.

Top