നെഹ്‌റു നേരിട്ട് ശ്രമിച്ചിട്ടും തോറ്റില്ല, അതാണ് ഇ.എം.എസിന്റെ വീര ചരിത്രം

വീണ്ടുമൊരു തിരഞ്ഞെടുപ്പിന് കേരളത്തിലും കാഹളം ഉയരുകയാണ്. ദേശീയ തലത്തില്‍ ബി.ജെ.പിയുടെ പ്രധാന ശത്രു കോണ്‍ഗ്രസ്സാണെങ്കില്‍ കേരളത്തില്‍ അത് സി.പി.എമ്മാണ്. ഇടതുപക്ഷത്തിന്റെ പരാജയം ഏറെ ആഗ്രഹിക്കുന്നത് ആര്‍.എസ്.എസ് നേതൃത്വമാണ്. സംഘപരിവാര്‍ സംഘടനകളുടെ പൊതുവികാരവും അതു തന്നെയാണ്. അതായത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പ് വരുത്തേണ്ടത് ഓരോ പരിവാറുകാരന്റെയും കടമയാണ്. അതിനായി മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ പോലും കാവിപ്പട തയ്യാറാണ്. ലീഗിനെയും കോണ്‍ഗ്രസ്സിനെയും സംബന്ധിച്ച് ആരുടെ വോട്ടായാലും ജയിച്ചാല്‍ മതിയെന്ന വികാരമാണുള്ളത്.

ഈ സാഹചര്യം മുന്‍കാലങ്ങളിലെ കോലീബീ സഖ്യത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ആ ചരിത്രം നമുക്ക് ഇവിടെ ഒന്നു പരിശോധിക്കാം. ആദ്യത്തെ കോലീബീ പരീക്ഷണം നടന്നത് 1960-ല്‍ ആണ്. അന്ന് ബി.ജെ.പിയുടെ പഴയ രൂപമായ ജനസംഘമാണ് പ്രവര്‍ത്തിച്ചിരുന്നത്. സാക്ഷാല്‍ ഇ.എം.എസിനെ തോല്‍പ്പിക്കാന്‍ പട്ടാമ്പിയിലായിരുന്നു ഈ മഹാസഖ്യം. ഇതിന് നേതൃത്വം കൊടുത്തതാകട്ടെ ആര്‍.എസ്.എസ്.ആചാര്യന്‍. ദീന്‍ദയാല്‍ ഉപാധ്യായയും ബാഫഖി തങ്ങളും നെഹ്‌റുവുമായിരുന്നു. ലോകത്ത് ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ.എം.എസ് അന്ന് ലോകാത്ഭുതമായിരുന്നു എന്നതും നാം ഓര്‍ക്കണം. വിമോചന സമരത്തിലൂടെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ പിരിച്ചു വിട്ട ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്.

രാഷ്ട്രീയ-മത -ജാതി ശക്തികളെല്ലാം കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ ഒറ്റക്കെട്ടായാണ് അണിനിരന്നിരുന്നത്. ഈ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി എ.രാഘവന്‍ നായരായിരുന്നു. ഇ.എം.എസിനെതിരെ മത്സരിക്കാന്‍ ആദ്യം സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ ജനസംഘം പിന്നീട് ഇ.എം.എസിന്റെ പരാജയം ഉറപ്പുവരുത്തുന്നതിനായി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുകയാണുണ്ടായത്. നെഹറു മുതല്‍ സകല നേതാക്കളും ഈ കമ്മ്യൂണിസ്റ്റിന്റെ പരാജയം ഉറപ്പുവരുത്താന്‍ പട്ടാമ്പിയില്‍ കുതിച്ചെത്തുകയായിരുന്നു. മുസ്ലീം ലീഗിനു വേണ്ടി ബാഫഖി തങ്ങളായിരുന്നു അന്ന് കളം നിറഞ്ഞ് നിന്നിരുന്നത്. പെരിന്തല്‍മണ്ണയിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി ഹിന്ദു വോട്ടും പട്ടാമ്പിയിലെ രാഘവന്‍ നായര്‍ക്കു വേണ്ടി മുസ്ലീം വോട്ടും എന്നതായിരുന്നു അണിയറയിലെ ധാരണ. എന്നാല്‍ ലോകം ഉറ്റുനോക്കിയ ആ തിരഞ്ഞെടുപ്പില്‍ ഇ.എം.എസ് തിളക്കമാര്‍ന്ന വിജയമാണ് നേടിയിരുന്നത്. കോണ്‍ഗ്രസ്സിനും ലീഗിനും ആര്‍.എസ്.എസിനും മാത്രമല്ല സാമ്രാജ്യത്വ ശക്തികള്‍ക്കും ഏറ്റ കനത്ത പ്രഹരമായിരുന്നു ആ വിജയം. ഈ സംഭവത്തില്‍ ഏറെ നാണം കെട്ടത് നെഹ്‌റുവാണ്. പട്ടാമ്പിയില്‍ നേരിട്ട് പ്രചരണം നടത്തിയിട്ടും ഇ.എം.എസിനെ തോല്‍പ്പിക്കാന്‍ കഴിയാതിരുന്നത് അദ്ദേഹത്തെ ശരിക്കും ഞെട്ടിച്ചിരുന്നു. പട്ടാമ്പിയുടെ ഈ വീര ചരിത്രം തന്നെയാണ് പെരിന്തല്‍മണ്ണയിലും അന്ന് ആവര്‍ത്തിച്ചിരുന്നത്.

കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥി ഇ.പി ഗോപാലനാണ് പെരിന്തല്‍മണ്ണയില്‍ അട്ടിമറി വിജയം നേടിയിരുന്നത്. ഏത് ശക്തികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാലും കമ്മ്യൂണിസ്റ്റുകളെ തുരത്താന്‍ കഴിയില്ലെന്ന് നാടിനെ ബോധ്യപ്പെടുത്തിയ തിരഞ്ഞെടുപ്പു കൂടിയായിരുന്നു അത്. ഇതിനു ശേഷം 1991ലാണ് വീണ്ടും ഇത്തരമൊരു അവിശുദ്ധ സഖ്യം പിറന്നത്. അപ്പോഴേക്കും ജനസംഘം ബി.ജെ.പിയായി മാറിക്കഴിഞ്ഞിരുന്നു. ബേപ്പൂരിലും വടകരയിലും മഞ്ചേശ്വരത്തുമായിരുന്നു കോലീബി സഖ്യം 91ല്‍ മത്സരിച്ചിരുന്നത്. ബേപ്പൂരിലും വടകരയിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളും മഞ്ചേശ്വരത്ത് ബി.ജെ.പി നേതാവ് കെ.ജി.മാരാരുമാണ് മത്സരിച്ചിരുന്നത്. വടകര, ബേപ്പൂര്‍ മണ്ഡലങ്ങളിലെ പിന്തുണയ്ക്ക് മഞ്ചേശ്വരത്ത് യു.ഡി.എഫിന്റെ ദുര്‍ബല സ്ഥാനാര്‍ത്ഥി എന്നതായിരുന്നു ധാരണ. വോട്ടര്‍മാരെ കമ്പളിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഈ തന്ത്രങ്ങള്‍.

കെ.ജി മാരാരുടെ ജീവചരിത്രത്തിലെ ‘പാഴായ പരീക്ഷണം’ എന്ന അദ്ധ്യായത്തില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ ഈ കോലീബി സഖ്യത്തെ തകര്‍ത്ത് മൂന്ന് മണ്ഡലങ്ങളിലും ഇടതുപക്ഷം വമ്പന്‍ വിജയമാണ് നേടിയിരുന്നത്. ഇന്നും യു.ഡി.എഫ് അണികള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ‘നോവാണ് ‘വടകരയും ബേപ്പൂരും അവര്‍ക്ക് നല്‍കിയിരിക്കുന്നത്. മഞ്ചേശ്വരത്ത് നാളിതുവരെ താമര വിരിയിക്കാന്‍ ബി.ജെ.പിക്കും സാധിച്ചിട്ടില്ല. 2019ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നാം കണ്ടതും കോലീബി സഖ്യത്തിന്റെ തനിയാവര്‍ത്തനമാണ്. പി.ജയരാജന്‍ എന്ന കമ്മ്യൂണിസ്റ്റിന് എതിരായിരുന്നു ഇവിടെ രഹസ്യധാരണ.

ഈ കോ-ലീ-ബീ സഖ്യം യു.ഡി.എഫിലും വലിയ പൊട്ടിത്തെറിയാണ് സൃഷ്ടിച്ചിരുന്നത്. വടകര മണ്ഡലത്തിലെ പേരാമ്പ്ര മേപ്പയ്യൂരില്‍ മാത്രം നിരവധി മുസ്ലീം ലീഗുകാരാണ് അന്ന് പാര്‍ട്ടി വിട്ടത്. ഇതില്‍ വനിതാ ലീഗ് ജില്ലാ നേതാവ് റംല റസാഖ്, എസ്.ടി.യു സംസ്ഥാന കമ്മറ്റി അംഗം പി.കെ റസാഖ്, സമീര്‍, നവാസ് എന്നിവരും ഉള്‍പ്പെടുന്നുണ്ട്. ഒടുവില്‍ കേരള നിയമസഭയിലും കോലീബി സഖ്യത്തിന്റെ ‘പരിഷ്‌കരിച്ച മുഖം’ നാം കണ്ടതാണ്. നിയമസഭയിലെ സമയം സാധാരണ ഗതിയില്‍ വ്യക്തികള്‍ക്കല്ല പാര്‍ട്ടികള്‍ക്കാണ് കൊടുക്കാറുള്ളത്. എന്നാല്‍ ബി.ജെ.പി അംഗം രാജഗോപാലിന്റെ ഒരു മിനുട്ടും പി.സി ജോര്‍ജിന്റെ ഒരു മിനുട്ടും കൂടി എന്‍.ഡി.എയുടെ രണ്ടു മിനുട്ട് നല്‍കിയിരിക്കുന്നത് മുസ്ലീം ലീഗ് അംഗം ഷംസുദ്ദീനാണ്. ഇതു സംബന്ധമായ കത്ത് സ്പീക്കര്‍ക്ക് നല്‍കിയതാകട്ടെ പി.സി ജോര്‍ജുമാണ്. സൗഹൃദത്തിന്റെ പേരിലാണ് സമയം വാങ്ങിയതെന്നാണ് ലീഗ് എം.എല്‍.എ പിന്നീട് വിശദീകരിച്ചിരുന്നത്. അതു തന്നെയാണ് ഞങ്ങള്‍ക്കും ചൂണ്ടിക്കാട്ടാനുള്ളത്.

ഇത്തരം സൗഹൃദങ്ങളില്‍ നിന്നാണ് കേരളത്തില്‍ അവിശുദ്ധ സഖ്യങ്ങളും പിറന്നിരിക്കുന്നത്. അതിന് ചൂണ്ടിക്കാട്ടാന്‍ പട്ടാമ്പി മുതല്‍ ബേപ്പൂരും വടകരയും വരെ ഉദാഹരണങ്ങള്‍ നിരവധിയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ സൗഹൃദ ‘കൈകള്‍ ഇനി’ 2021 ലേക്ക് നീണ്ടാലും അത്ഭുതപ്പെടേണ്ടതില്ല. കാരണം ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും സ്വപ്നം ഒന്നു തന്നെയാണ്. അത് ഇടതുപക്ഷ സര്‍ക്കാര്‍ പുറത്ത് പോകണം എന്നത് മാത്രമാണ്. അതിനു വേണ്ടി എന്ത് ‘ധാരണക്കും’ ഇരു വിഭാഗങ്ങളും ഇനിയും തയ്യാറായേക്കും. രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്.

Top