ന്യൂഡല്‍ഹി: ബീഫും പോര്‍ക്കും കഴിച്ചിരുന്നതിനാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ പണ്ഡിറ്റ് എന്ന് വിളിക്കാന്‍ പാടില്ലെന്ന വാദവുമായി ഭാരതീയ ജനതാ പാര്‍ട്ടി എംഎല്‍എ ഗ്യാന്‍ ദേവ് അഹുജ രംഗത്ത്.
‘നെഹ്‌റു പണ്ഡിറ്റ് ആയിരുന്നില്ല. ബീഫ് കഴിക്കുന്ന ഒരാളെ എങ്ങനെയാണ് പണ്ഡിറ്റ് എന്ന് വിളിക്കാന്‍ സാധിക്കുക?.. നമുക്കറിയാം, പന്നി മുസ്ലീങ്ങള്‍ക്ക് നിഷിദ്ധമാണ്, പശു ഹിന്ദുക്കള്‍ക്ക് വിശുദ്ധ മൃഗമാണ്..’ എംഎല്‍എ പറഞ്ഞു.
ബിജെപി ആസ്ഥാനം സന്ദര്‍ശിച്ച ശേഷമായിരുന്നു അഹുജയുടെ വിവാദ പ്രസ്ഥാവന. കോണ്‍ഗ്രസ് ജാതി രാഷ്ട്രീയം കളിക്കുകയാണ്. രാഹുല്‍ ഗാന്ധി ഇന്ദിരാ ഗാന്ധിയോടൊപ്പം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ല. താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ സ്ഥാനം രാജി വയ്ക്കും. അല്ലെങ്കില്‍ എതിര്‍ അഭിപ്രായം പ്രകടിപ്പിച്ച സച്ചിന്‍ പൈലറ്റ് രാജി വയ്ക്കണമെന്നും അഹുജ വെല്ലു വിളിച്ചു.
വിവാദ പ്രസ്ഥാവനകളിലൂടെ കുപ്രസിദ്ധി നേടിയ ആളാണ് ഗ്യാന്‍ ദേവ് അഹുജ. ഡല്‍ഹിയിലെ ബലാത്സംഗങ്ങള്‍ക്ക് കാരണം ജെഎന്‍യു വിദ്യാര്‍ത്ഥികളാണെന്ന് നേരത്തെ എംഎല്‍എ പ്രസ്ഥാവന നടത്തിയിരുന്നു. ബീഫ് കടത്തുന്നവരെ കയ്യില്‍ കിട്ടിയാല്‍ തല്ലിച്ചതക്കണമെന്നതാണ് മറ്റൊന്ന്.
1998ലാണ് അഹുജ ആദ്യമായി രാജസ്ഥാന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.