നെഹ്റുവിനെ പരസ്യത്തിൽ നിന്ന് ഒഴിവാക്കിയത് മനഃപൂർവം – കർണാടക ബിജെപി

ബെംഗളൂരു: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിനെ സ്വാതന്ത്ര്യദിന പരസ്യത്തിൽ നിന്നൊഴിവാക്കിയ കർണാടക സർക്കാരിന്റെ നടപടി വിവാദമായിരുന്നു. ഇതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കർണാടകയിലെ ബിജെപി ഘടകം. രാജ്യം വിഭജിക്കപ്പെടാൻ കാരണക്കാരനായതിനാലാണ് നെഹ്റുവിനെ മനപ്പൂർവം ഒഴിവാക്കിയതെന്ന് സംസ്ഥാന ബിജെപി ജനറൽ സെക്രട്ടറിയും എംഎൽസിയുമായ എൻ രവികുമാർ പറഞ്ഞു. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം കോൺഗ്രസ് പിരിച്ചുവിടണമെന്ന് മഹാത്മാഗാന്ധി ഉപദേശിച്ചിരുന്നു. എന്നാൽ നെഹ്‌റു ഗാന്ധിജിയെ അനുസരിച്ചില്ല. ഇത് വിഭജനത്തിലേക്ക് നയിച്ചു. അതുകൊണ്ടു തന്നെ നെഹ്റുവിന്റെ ചിത്രം പരസ്യത്തിൽ നിന്ന് ഒഴിവാക്കി.

ബംഗളൂരു ഹഡ്‌സൺ സർക്കിളിൽ കഴിഞ്ഞയാഴ്ച കോൺ​ഗ്രസ് സ്ഥാപിച്ച പോസ്റ്റർ ഹിന്ദു വിരുദ്ധനായ ടിപ്പു സുൽത്താനെ മഹത്വവത്കരിക്കുന്നതാണെന്നും രവികുമാർ ആരോപിച്ചു.

അതേസമയം, വിവാദം തുടരുമ്പോഴും, സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സ്വാതന്ത്ര്യസമരത്തിന് നെഹ്‌റു നൽകിയ സംഭാവനകളെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്ധരിച്ചതും ശ്രദ്ധേയമായി. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭായ് പട്ടേൽ, ഭഗത് സിംഗ്, മൗലാനാ അബുൾ കലാം ആസാദ്, ജവഹർലാൽ നെഹ്‌റു തുടങ്ങിയ മഹാന്മാരുടെ സംഭാവനകൾ ചരിത്രത്തിൽ പതിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ പരസ്യത്തെച്ചൊല്ലി വിവാ​ദമുണ്ടാക്കിയ കോൺ​ഗ്രസിനെ ബൊമ്മൈ വിമർശിച്ചു. 65 വർഷമായി നിങ്ങൾ നെഹ്‌റുവിന്റെ പേരിൽ രാജ്യം ഭരിച്ചു. ഞങ്ങൾ നെഹ്‌റുവിനെയോ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയോ മറന്നിട്ടില്ല. അദ്ദേഹത്തോട് ഞങ്ങൾക്ക് വലിയ ബഹുമാനമുണ്ട്. അദ്ദേഹത്തിന്റെ ഫോട്ടോ പരസ്യത്തിൽ ഉണ്ട്. ബെംഗളൂരു കണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിൽ പറഞ്ഞു.

സ്വാതന്ത്ര്യദിനത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കർണാടക ബിജെപി സർക്കാർ നൽകിയ പത്രപരസ്യത്തിലാണ് നെഹ്റുവിനെ ഒഴിവാക്കിയതെന്ന ആരോപണമുയർന്നത്. വി ഡി സവർക്കറിന്റെ ചിത്രം പ്രമുഖരിൽ ഉൾപ്പെടുത്തുകയും ചെയ്തു. തുടർന്ന് കോൺ​ഗ്രസ് അടക്കം വിമർശനവുമായി രം​ഗത്തെത്തി.

Top