ഐ.പി.എല്‍ മാതൃകയില്‍ കേരള ബോട്ട് റേസ് ലീഗുമായി കേരള ടൂറിസം വകുപ്പ്

തിരുവനന്തപുരം : ഐപിഎല്‍ മാതൃകയില്‍ സംസ്ഥാനത്തെ ജലമേളകള്‍ ലീഗടിസ്ഥാനത്തില്‍ സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന ടൂറിസം വകുപ്പ്. ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി മത്സരം മുതല്‍ കൊല്ലം പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി മത്സരം വരെ ഉള്‍പ്പെടുത്തിയാണ് മത്സരം.

കേരള ബോട്ട് റേസ് ലീഗ് എന്ന ഈ വിപുലമായ ജലമേളയില്‍ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത ജലോത്സവങ്ങള്‍ ഒഴിച്ചുള്ള അഞ്ച് ജില്ലകളിലെ വള്ളംകളികളെ ലീഗടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തും. 2018 ആഗസ്റ്റ് 11 മുതല്‍ നവംബര്‍ 1 വരെ കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

ആഗസ്റ്റ് 11 ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി മത്സരം യോഗ്യതാ മത്സരമായി കണക്കാക്കി തുടര്‍ ലീഗ് മത്സരങ്ങള്‍ നടത്തും. കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ അവസരം ലഭിക്കുന്ന രീതിയിലാണ് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. മത്സര തീയതികള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രചാരണം നടത്തും. ആഗസ്റ്റ് 11 ന് നെഹ്‌റു ട്രോഫി വള്ളംകളിയോടെ ആരംഭിച്ച് നവംബര്‍ 1ന് കൊല്ലം പ്രസിഡന്റ്‌സ് ട്രോഫി മത്സരത്തോടെ സമാപിക്കുന്ന കേരള ബോട്ട് റേസ് ലീഗില്‍ 12 മത്സരങ്ങളാണ് ഉണ്ടാകുക. നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കുന്ന 20 ചുണ്ടന്‍ വള്ളങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന 9 ചുണ്ടന്‍വള്ളങ്ങളാണ് തുടര്‍ന്നുള്ള ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കുക. ആലപ്പുഴ ജില്ലയിലെ പുന്നമട, പുളിങ്കുന്ന്, കൈനകരി, കരുവാറ്റ, മാവേലിക്കര, കായംകുളം, എറണാകുളം ജില്ലയിലെ പിറവം, പൂത്തോട്ട, തൃശൂര്‍ ജില്ലയിലെ കോട്ടപ്പുറം, കോട്ടയം ജില്ലയിലെ താഴത്തങ്ങാടി, കൊല്ലം ജില്ലയിലെ കല്ലട, കൊല്ലം എന്നീ വേദികളിലാണ് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ജല മഹോത്സവങ്ങളായാണ് ഓരോ പ്രദേശത്തും ലീഗ് മത്സരങ്ങള്‍ നടത്തുക.

ലീഗില്‍ യോഗ്യത നേടുന്ന എല്ലാ ടീമുകള്‍ക്കും ഓരോ വേദിക്കും ബോണസായി 4 ലക്ഷം രൂപ വീതം നല്‍കും. ഓരോ ലീഗ് മത്സരത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് 1 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെ സമ്മാനത്തുകയും ഉണ്ടാകും. കേരള ബോട്ട് റേസ് ലീഗ് അന്തിമ ജേതാക്കള്‍ക്ക് 6 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ സമ്മാനത്തുകയായി പ്രഖ്യാപിക്കാനാണ് ആലോചിക്കുന്നത്. എല്ലാ മത്സരങ്ങളിലും യോഗ്യത നേടിയ എല്ലാ വള്ളങ്ങളും ഹീറ്റ്‌സ് മുതല്‍ പങ്കെടുക്കേണ്ടതാണെന്നും, തുഴച്ചിലുകാരില്‍ 75 ശതമാനം തദ്ദേശീയരായിരിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.

15 കോടിയോളം രൂപയാണ് കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കുന്നതിന് വേണ്ടിവരിക. ഇതിനായി 10 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ബാക്കി പണം സ്‌പോണ്‍സര്‍ഷിപ്പിലും മറ്റുമായി കണ്ടെത്തേണ്ടി വരും. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയിലും, ജലോത്സവങ്ങള്‍ക്കും ആവേശം പകരാന്‍ ഐപിഎല്‍ മാതൃകയിലുള്ള കേരള ബോട്ട് റേസ് ലീഗിലൂടെ സാധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Top