കശ്മീര്‍ വിഷയത്തില്‍ നെഹ്റു കാണിച്ചത് ഹിമാലയന്‍ മണ്ടത്തരമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കാനുള്ള നെഹ്‌റുവിന്റെ തീരുമാനം ഹിമാലയന്‍ മണ്ടത്തരമായിരുന്നെന്ന് അമിത് ഷാ പറഞ്ഞു. ഡല്‍ഹിയില്‍ ദേശീയ സുരക്ഷ സംബന്ധിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ട്ടിക്കില്‍ 35 തര്‍ക്ക ഭൂമിയെക്കുറിച്ചാണ് പറയുന്നത്. യുഎന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 51 പ്രാകരം സമീപിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ ഭൂമിയില്‍ പാക്കിസ്ഥാന്‍ അനധികൃതമായി അതിക്രമിച്ച് കയറിയതു സംബന്ധിച്ചാകുമായിരുന്നു ചര്‍ച്ച. കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ എത്തിച്ചത് നെഹ്റുവിന്റെ വ്യക്തിപരമായ താല്‍പ്പര്യമാണെന്നും അമിത് ഷാ അറിയിച്ചു.

630 നാട്ടുരാജ്യങ്ങളെ ഒന്നിപ്പാക്കാന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന് സാധിച്ചു. ജമ്മു കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുക എന്ന ജോലി മാത്രമാണ് നെഹ്റുവിന് ഉണ്ടായിരുന്നത്. എന്നാല്‍ 2019 ആഗസ്റ്റില്‍ മാത്രമാണ് അത് സംഭവിച്ചതെന്ന് അമിത് ഷ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370നെക്കുറിച്ചും കാശ്മീരിനെക്കുറിച്ചും ഇപ്പോള്‍ പോലും പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. അതിനെക്കുറിച്ച് വിശദമാക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ സര്‍ക്കാരുകള്‍ ചരിത്രത്തെ വളച്ചൊടിക്കുകയാണ് ചെയ്തത്. 1947 മുതല്‍ കാശ്മീര്‍ പ്രശ്നമാണെന്ന് എല്ലാവര്‍ക്കും അറിയാം. തെറ്റ് ചെയ്തവരാണ് ചരിത്രത്തെ വളച്ചൊടിച്ചത്. ജനത്തിന് മുന്നില്‍ യഥാര്‍ത്ഥ ചരിത്രം അവതരിപ്പിക്കാനും എഴുതാനും സമയമായെന്നും അമിത് ഷാ വ്യക്തമാക്കി.

ഷെയ്ക്ക് അബ്ദുള്ളയെ 11 വര്‍ഷമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ജയിലില്‍ പാര്‍പ്പിച്ചത്. വെറും രണ്ട് മാസമായപ്പോള്‍ അവര്‍ ഞങ്ങളെ ചോദ്യം ചെയ്യുകയാണ്. 41,000 പേരാണ് കാശ്മീരില്‍ ഇതുവരെ കൊല്ലപ്പെട്ടത്. ഇതാലോചിക്കുമ്‌ബോള്‍ ടെലിഫോണ്‍ ബന്ധം വിച്ഛേദിച്ചത് മനുഷ്യാവകാശ ലംഘനമല്ല. കാശ്മീര്‍ വിഷയത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് യു.എന്നിന്റെയും അന്താരാഷ്ട്ര രാജ്യങ്ങളുടെയും പിന്തുണ ലഭിക്കാത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്ര വിജയമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Top