തിരുവനന്തപുരം: ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങൾ മാധ്യമങ്ങളിൽ വന്നത് തെറ്റിദ്ധാരണാജനകമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ശിവശങ്കറിന് ഏതെങ്കിലും പ്രത്യേക ആനുകൂല്യമോ പരിഗണനയോ കേസുമായോ സസ്‌പെൻഷനുമായോ ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയിട്ടില്ല. ആൾ ഇന്ത്യ സർവ്വീസിൽ നിന്നും ശിവശങ്കറിനെ സസ്‌പെന്റ് ചെയ്‌തത് ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെട്ടത് കൊണ്ടാണെന്നും ശിവശങ്കർ ആൾ ഇന്ത്യ സർവ്വീസിലെ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് കണ്ടെത്തിയപ്പോഴാണ് സസ്പെന്റ് ചെയ്തതെന്നും ഇപി ജയരാജൻ പറഞ്ഞു. ശിവശങ്കറിന് ‘ഭരിക്കുന്ന പാർട്ടിയിലും പ്രത്യേകിച്ച് മുഖ്യമന്ത്രിയിലും വൻ സ്വാധീനം; തെളിവു നശിപ്പിക്കാൻ സാധ്യത’എന്ന മട്ടിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌ത വാർത്ത തെറ്റും, തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. മുഖ്യമന്ത്രിയോ സർക്കാരോ ഭരണം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ ഇക്കാര്യത്തിൽ തെറ്റായ ഒരിടപെടലും നടത്തിയിട്ടില്ല; നടത്തുകയുമില്ലെന്നും ജയരാജൻ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
വാർത്താകുറിപ്പിന്റെ പൂർണ്ണരൂപം:
ഇന്നലെ ശിവശങ്കർ ഐ.എ.എസിന്റെ ജാമ്യാപേക്ഷയിൽ തീരുമാനം പറയുമ്പോൾ ബഹുമാനപ്പെട്ട ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങൾ മാധ്യമങ്ങളിൽ വന്നത് തെറ്റിദ്ധാരണാജനകമാണ്. ശിവശങ്കറിന് ഏതെങ്കിലും പ്രത്യേക ആനുകൂല്യമോ പരിഗണനയോ കേസുമായോ സസ്‌പെൻഷനുമായോ ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയിട്ടില്ല. ആൾ ഇന്ത്യ സർവ്വീസിൽ നിന്നും ശിവശങ്കറിനെ സസ്‌പെന്റ് ചെയ്‌തത് ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെട്ടത് കൊണ്ടല്ല. അദ്ദേഹം ആൾ ഇന്ത്യ സർവ്വീസിലെ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് കണ്ടെത്തിയപ്പോഴാണ്.
ഒരാൾക്ക് അന്യായമായി സ്‌പേസ് പാർക്കിൽ ജോലി തരപ്പെടുത്തി കൊടുത്തു എന്ന പ്രശ്‌നം വന്നു. അപ്പോഴാണ് സസ്‌പെൻഡ് ചെയ്‌തത്. ഇതൊരു രാഷ്ട്രീയ തീരുമാനം ആയിരുന്നില്ല. ഭരിക്കുന്ന പാർട്ടിയോ, മുന്നണിയോ തീരുമാനിച്ചു നടപ്പാക്കിയതുമല്ല. സ്‌പോർട്‌സ്, മൃഗ സംരക്ഷണം പോലുള്ള വകുപ്പിലാണ് ശിവശങ്കറിനെ പിന്നീട് നിയമിച്ചത്. മുഖ്യമന്ത്രിയുടെ ഏതെങ്കിലും വകുപ്പിലോ, ഓഫീസിലോ, ചീഫ് സെക്രട്ടറിയുടെ ഓഫീസിലോ, പ്രധാനപ്പെട്ട ഏതെങ്കിലും വകുപ്പിന്റെ ചാർജോ പിന്നീട് ശിവശങ്കറിന് നൽകിയിട്ടില്ല. ചട്ടപ്രകാരം സസ്‌പെൻഷൻ പിൻവലിച്ചാൽ ഏതെങ്കിലും ചുമതല ഏൽപ്പിക്കണം. അങ്ങനെ ചുമതല ഏൽപ്പിക്കലാണുണ്ടായത്.
ശിവശങ്കരനെതിരായ ആരോപണങ്ങൾ അന്വേഷിച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് സസ്‌പെൻഷൻ ശുപാർശ ചെയ്‌തത്. സസ്‌പെൻഡ് ചെയ്യുന്ന ഘട്ടത്തിൽ സ്വർണ്ണക്കടത്ത് കേസിൽ അദ്ദേഹം ഏജൻസികളുടെ പ്രതി പട്ടികയിൽ ഉണ്ടായിരുന്നില്ല. എഫ്.ഐ.ആർ ഉണ്ടാവുന്നതിന് മുൻപ് ആണ്, അതായത് ആരോപണ വിധേയനായ ഘട്ടത്തിൽ ആണ് സർക്കാർ അദേഹത്തെ സസ്‌പെൻഡ് ചെയ്‌തത്. ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യുന്നത് 2021 ഒക്ടോബർ 10 നാണ്. അതിനും മൂന്ന് മാസം മുൻപ് തന്നെ സർക്കാർ ഉചിതമായ ശിക്ഷ നടപടി സ്വീകരിച്ചിരുന്നു. 2020 ഒക്ടോബർ 10 മുതൽ 2021 ഫെബ്രുവരി 3 വരെ ശിവശങ്കർ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഈ കാര്യം ചൂണ്ടി കാട്ടിയാണ് 09.07.2021-ന് ശിവശങ്കറിന്റെ സസ്‌പെൻഷൻ നീട്ടിയത്. അതിന് ശേഷം പിന്നീട് ആറ് മാസവും സസ്‌പെൻഷൻ നീട്ടി. ഈ കാലാവധി അടക്കം ഒന്നര വർഷമാണ് ആകെ സസ്‌പെൻഷൻ കാലം.
മുഖ്യമന്ത്രിയിലും, സർക്കാരിലും, ഭരിക്കുന്ന പാർടിയിലും അളവറ്റ സ്വാധീനവും പിടിപാടുമുള്ള വ്യക്തി എന്ന് ആരോപിക്കപ്പെടുന്ന ശിവശങ്കർ ജയിൽ മോചിതനായതിനു ശേഷവും പതിനൊന്ന് മാസം സസ്‌പെൻഷനിൽ നിന്നു എന്നത് ആർക്കാണ് മറച്ചു വെക്കാൻ കഴിയുക? 6 മാസത്തിലധികം ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഷനിൽ തുടരണമെങ്കിൽ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ അനുമതി വേണ്ടതുണ്ട്. ഇതടക്കം യൂണിയൻ സർക്കാരിന്റെ കീഴിലെ സെൻട്രൽ റിവ്യു കമ്മറ്റിയെ അറിയിച്ച ശേഷമാണ് ശിവശങ്കറെ തിരിച്ചെടുത്തത്. 2022 ജനുവരി 4 നാണ് സസ്‌പെൻഷൻ പിൻവലിച്ചത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ റിവ്യൂ കമ്മിറ്റിയാണ് സസ്‌പെൻഷൻ പിൻവലിക്കാനുള്ള ശുപാർശ നൽകിയത്. ഇതിൽ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ അച്ചടക്ക നടപടികൾ സംബന്ധിച്ചുള്ള ചട്ടമനുസരിച്ച് സംസ്ഥാന സർക്കാരിന് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ ഒരു വർഷം വരെ മാത്രമേ സസ്‌പെൻഷനിൽ നിർത്താനാവൂ എന്നതാണ്. അതിനുശേഷം സസ്‌പെൻഷൻ ദീർഘിപ്പിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണ്. സസ്‌പെൻഷൻ നീട്ടുന്നതിന് കേന്ദ്ര സർക്കാരിന് കേരളം കത്തെഴുതി. എന്നാൽ കേന്ദ്ര സർക്കാർ ആ ആവശ്യത്തോട് പ്രതികരിച്ചതേയില്ല. ആരോപണവിധേയനായ ഉദ്യോഗസ്ഥനോട് ഒരു തരത്തിലുള്ള അനുഭാവവും സർക്കാർ കാട്ടിയതായി ആർക്കും പറയാനാവില്ല. ശിവശങ്കർ സർക്കാരിനെതിരെ കേസ് നടത്തി കൊണ്ടിരിക്കുകയാണ്. ഇതിൽ നിന്ന് തന്നെ സർക്കാർ ശിവശങ്കറിനെ സഹായിക്കുന്നു എന്ന വാദം പൊളിയുന്നു.
സർവീസിലിരിക്കെ കേസിൽ പെടുന്നതും സസ്‌പെൻഡ് ചെയ്യുന്നതും, ചട്ടപ്രകാരം തിരിച്ചെടുക്കുന്നതും പുതിയ കാര്യമല്ല. അഖിലേന്ത്യാ സർവീസ് കോൺടാക്ട് & ഡിസിപ്ലിനറി റൂൾസ് പ്രകാരമാണ് ഒരു ഐ.എ.എസ് / ഐ.പി.എസ് ഉദ്യോഗസ്ഥനെ സർക്കാർ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യുന്നത്. ഈ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും പ്രാഥമികമായ പെരുമാറ്റദൂഷ്യം വരികയോ ആരോപണ വിധേയനാവുകയോ ചെയ്യുമ്പോഴാണ് സസ്‌പെൻഷൻ പോലെയുള്ള അച്ചടക്കനടപടികൾ എടുക്കേണ്ടതായി വരുന്നത്. സർവ്വീസിലിരിക്കേ ശിവശങ്കർ സ്വയം വിരമിക്കലിനു അപേക്ഷിച്ചിരുന്നു. അത് സർക്കാർ അനുവദിച്ചിട്ടില്ല. അവധി അനുവദിക്കണമെന്ന ശിവശങ്കറിന്റെ അപേക്ഷ നിരസിച്ചാണ് സസ്‌പെൻഡ് ചെയ്‌തത്. ഇപ്പോൾ സർവ്വീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. അതുവരെ പെൻഷൻ ആനുകൂല്യങ്ങളൊന്നും നൽകിയിട്ടില്ല. ഇതൊക്കെയാണോ `സ്വാധീനത്തിന്റെ’ ലക്ഷണങ്ങൾ?
ഒരു ഉദ്യോഗസ്ഥൻ ആരോപണവിധേയനായാൽ സ്വീകരിക്കേണ്ട എല്ലാ നടപടിക്രമങ്ങളും സർക്കാർ പാലിച്ചിട്ടുണ്ട്. ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ നീട്ടിക്കൊണ്ടു പോകുന്നതിന് മതിയായ തെളിവുകൾ അന്വേഷണ ഏജൻസികൾ സസ്‌പെൻഷൻ റിവ്യൂ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയില്ലായെങ്കിൽ സാധാരണഗതിയിൽ സസ്‌പെൻഷൻ റദ്ദാക്കി അവർ സർവീസിലേക്ക് തിരിച്ചെടുക്കുകയാണ് മാർഗം. ഇത്തരത്തിൽ നിരവധി ആളുകളെ പല കാലഘട്ടങ്ങളിലെ ഗവൺമെന്റുകൾ തിരിച്ചെടുത്തിട്ടുള്ളത്.
മുൻ ഡി.ജി.പി ആയിരുന്ന ജയറാം പടിക്കൽ രാജൻ തിരോധാന കേസുമായി ബന്ധപ്പെട്ട സെഷൻസ് കോടതി ശിക്ഷിക്കുക പോലും ചെയ്‌തിട്ട് അദ്ദേഹത്തെ സർവീസിലേക്ക് തിരിച്ചെടുക്കുകയും പിന്നീട് അദ്ദേഹം ഡി.ജി.പിയായി വിരമിക്കുകയും ചെയ്‌തിട്ടുണ്ട്. ടി.ഓ സൂരജ് എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ അഴിമതി കേസിൽ സസ്‌പെൻഡ് ചെയ്യുകയും റിട്ടയർമെന്റിനു മുൻപ് തിരിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്. സമീപകാലത്താണ് മാധ്യമ പ്രവർത്തകനായ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ ആറുമാസത്തിലധികം സസ്‌പെൻഷനിൽ നിർത്തിയിട്ട് പോലും അദ്ദേഹത്തിനെതിരെ ആരോപിക്കുന്ന കുറ്റം കോടതി മുമ്പാകെ വിചാരണയിലൂടെ വിധി വരാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ തിരിച്ചെടുക്കാൻ സർക്കാർ നിർബന്ധിതമായത്. മോൺസൺ മാവുങ്കലുമായി ബന്ധപ്പെട്ടുള്ള സംഭവത്തിൽ ഐ.ജി ലക്ഷ്‌മണയെ സർക്കാർ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട് എന്നാൽ പിന്നീട് തിരിച്ചെടുത്തു. മുൻ എ.ഡി.ജി.പി ആയിരുന്ന ജയരാജ്‌നെയും മുൻ ഡി.ജി.പി ആയിരുന്ന ജേക്കബ് തോമസിനേയും മുൻ ഇലക്ഷൻ കമ്മീഷണർ ആയിരുന്ന ടിക്കാറാം മീണയേയും പല കാലഘട്ടങ്ങളിലായി സസ്‌പെൻഡ് ചെയ്യുകയും സസ്‌പെൻഷൻ റിവ്യൂ കമ്മിറ്റി യോഗം ചേർന്ന് ഇവരെ തിരിച്ചെടുക്കാൻ തീരുമാനിച്ചിട്ടുള്ളതുമാണ്. ഇങ്ങനെ ഒട്ടേറെ പേരുകൾ ഉണ്ട്.
ശിവശങ്കറിനെ സർക്കാർ സസ്‌പെൻഡ് ചെയ്യുകയും ഈ കാലപരിധിക്കുള്ളിൽ ഏതെങ്കിലും കോടതിയിൽ നിന്ന് ശിക്ഷ അടക്കമുള്ളവ വന്നിട്ടില്ലാത്തതിനാൽ അദ്ദേഹത്തെ തിരിച്ചെടുക്കാൻ അഖിലേന്ത്യാ സർവീസ് ആൻ്റ് കോൺടാക്ട് ഡിസിപ്ലിനറി റൂൾസ് പ്രകാരം സംസ്ഥാന സർക്കാർ നിർബന്ധിതമാകുകയാണ് ചെയ്‌തിട്ടുള്ളത്. ഇതിൽ ഒരു തരത്തിലുമുള്ള അസ്വാഭാവികത ഇല്ല. ദുസ്വാധീനമോ ഇടപെടലോ ഇല്ല. കേന്ദ്ര ഏജൻസി കോടതിയിൽ ഉന്നയിച്ച വാദം മാത്രമാണ്, ശിവശങ്കറിന്റെ സ്വാധീനത്തെക്കുറിച്ചുള്ളത്. അത് സർക്കാരിന്റെ നടപടികളെ ബാധിക്കുന്നതല്ല.
ശിവശങ്കറിന് ‘ഭരിക്കുന്ന പാർട്ടിയിലും പ്രത്യേകിച്ച് മുഖ്യമന്ത്രിയിലും വൻ സ്വാധീനം; തെളിവു നശിപ്പിക്കാൻ സാധ്യത’എന്ന മട്ടിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌ത വാർത്ത ഇതുകൊണ്ട് തന്നെ തെറ്റും, തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. മുഖ്യമന്ത്രിയോ സർക്കാരോ ഭരണം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ ഇക്കാര്യത്തിൽ തെറ്റായ ഒരിടപെടലും നടത്തിയിട്ടില്ല; നടത്തുകയുമില്ല.