തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റ് കൈവശം വെച്ചിരിക്കുന്ന സ്വകാര്യ കമ്പനിയായ പോബ്‌സില്‍ നിന്ന് കരം സ്വീകരിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവിനെ ശരിവെച്ച് നിയമോപദേശം. നിയമസെക്രട്ടറിയാണ് ഇത് സംബന്ധിച്ച് സര്‍ക്കാറിന് നിയമോപദേശം നല്‍കിയത്. കരം സ്വീകരിക്കുന്നതുകൊണ്ടുമാത്രം ഭൂമിയുടെ ഉടമസ്ഥാവകാശം കമ്പനിക്ക് സ്വന്തമാവില്ലെന്നാണ് നിയമോപദേശം. അതേസമയം നെല്ലിയാമ്പതി വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ച ഉന്നതതല യോഗം തിങ്കളാഴ്ച നടക്കും.
പോബ്‌സ് ഗ്രൂപ്പില്‍ നിന്ന് കരംസ്വീകരിക്കാന്‍ അനുമതി നല്‍കി മാര്‍ച്ച് ഒന്നിനാണ് റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് അനുമതി. പോബ്‌സ് ഗ്രൂപ് കൈവശം വെച്ചിരിക്കുന്ന 833 ഏക്കര്‍ ഭൂമിക്ക് നികുതി ഒടുക്കുന്നതിനാണ് കമ്പനി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഉത്തരവ് നല്‍കിയത്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പോബ്‌സിന്റെ കൈവശമുള്ളത് സര്‍ക്കാറില്‍ നിക്ഷിപ്തമാകേണ്ട ഭൂമിയാണെന്ന് 2014 ല്‍ റവന്യൂവകുപ്പ് നിയോഗിച്ച അന്നത്തെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.