നേമത്ത് കെ.മുരളീധരന്‍: തൃപ്പൂണിത്തുറയില്‍ സൗമിനി ജെയിനും സാധ്യത

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുളള കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കും. ജയസാധ്യത പരിഗണിച്ച് നേമത്ത് കെ.മുരളീധരന്‍ മത്സരിക്കാനുളള സാധ്യതയേറി. സ്ഥാനാര്‍ഥി ആകുന്നതിനൊപ്പം പ്രചാരണസമിതി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് കെ.മുരളീധരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു.

സാധ്യതാപട്ടിക ചുരുക്കാനുളള കഠിനപ്രയത്‌നത്തിലായിരുന്നു നേതാക്കള്‍. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി നടന്ന ചര്‍ച്ചയില്‍ സാധ്യതാ പട്ടിക വിശദമായി ചര്‍ച്ച ചെയ്യുകയും ഓരോ മണ്ഡലത്തിലുമായി നിര്‍ദേശിക്കപ്പെട്ട പേരുകള്‍ ഒന്നോ രണ്ടോ ആയി ചുരുക്കാനുളള ശ്രമങ്ങളുമാണ് നടന്നത്.

എം.പി.മാര്‍ മത്സരിക്കേണ്ടെന്ന മുന്‍ നിലപാടില്‍നിന്നുമാറി നേമത്ത് കെ. മുരളീധരനെ മത്സരിപ്പിക്കാന്‍ ശ്രമംനടക്കുന്നുണ്ട്. കെ.മുരളീധരന് ജയസാധ്യത കൂടുതല്‍ ഉളള നേമത്ത് രമേശ് ചെന്നിത്തലയോ, ഉമ്മന്‍ചാണ്ടിയോ സ്ഥാനാര്‍ഥി ആയാല്‍ വിജയിക്കുക എളുപ്പമല്ലെന്നും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

അതേസമയം തൃപ്പൂണിത്തുറയില്‍ കെ.ബാബുവിന് പകരം സൗമിനി ജെയിനെ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഇത്തവണ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന ശൈലിയിലും മാറ്റമുണ്ടാകും. കെ.സി.ജോസഫിനെ മത്സരിപ്പിക്കാനാവില്ലെന്ന നിലപാടില്‍ ഹൈക്കമാന്‍ഡും എം.പിമാരും ഉറച്ചുനില്‍ക്കുകയാണ്.

ഇന്ന് രാവിലെ സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരും. തുടര്‍ന്ന് ഇന്നുതന്നെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന.

Top