നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയെ പുറത്താക്കി കമ്യൂണിസ്റ്റ് പാര്‍ട്ടി

കാഠ്മണ്ഡു:നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പ്രധാനമന്ത്രി ഒലിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് നീക്കിയതായി ചെയര്‍മാന്‍ പ്രചണ്ഡയെ പിന്തുണക്കുന്ന വക്താവ് നാരായണ്‍കാജി ശ്രേഷ്ഠയാണ് അറിയിച്ചത്. ഒലി, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ യുഎംഎല്‍ പുനരുജ്ജീവിപ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

മുന്‍പ്രധാനമന്ത്രിമാരായ പുഷ്പ കമല്‍ ദഹലിന്റെയും മാധാവ് നേപ്പാളിന്റെയും നേതൃത്വത്തില്‍ പാര്‍ട്ടിയിലെ എതിരാളികളില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമാണ് ഒലി നേരിട്ടിരുന്നത്. ഒലി ഭരണഘടനാവിരുദ്ധമായ തീരുമാനങ്ങള്‍ എടുക്കുന്നുവെന്നും ഇതുസംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും ഒലിയോട് പാര്‍ട്ടിയിലെ എതിര്‍വിഭാഗം ആവശ്യപ്പെട്ടിരുന്നു.

ഒലിയോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അതിനാല്‍ പാര്‍ട്ടിയുടെ കേന്ദ്രസമിതി നല്‍കിയ എക്സിക്യൂട്ടീവ് അവകാശങ്ങള്‍ ഉപയോഗിച്ചാണ് തീരുമാനം കൈക്കൊളളുന്നതെന്നും ശ്രേഷ്ഠ പറഞ്ഞു. ഡിസംബറില്‍ പാര്‍ട്ടിയുടെ രണ്ടു ചെയര്‍മാന്‍മാരില്‍ ഒരാളായിരുന്ന ഒലിയെ തല്‍സ്ഥാനത്ത് നിന്ന് എതിര്‍വിഭാഗം നീക്കം ചെയ്തിരുന്നു. പകരം മാധവ് നേപ്പാളിനെ പാര്‍ട്ടിയുടെ രണ്ടാമത്തെ ചെയര്‍മാനായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. പ്രചണ്ഡയാണ് പാര്‍ട്ടിയുടെ ഒന്നാം ചെയര്‍മാന്‍.

പാര്‍ട്ടിക്കകത്തെ ഭിന്നതകളെ തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ കഴിഞ്ഞ ഡിസംബര്‍ 20ന് ഒലി പ്രസിഡന്റിന് ശുപാര്‍ശ ചെയ്തിരുന്നു. ഒലിയുടെ ശുപാര്‍ശ പ്രസിഡന്റ് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ എന്‍സിപി രണ്ടായി പിളരുകയും തങ്ങള്‍ക്കാണ് ആധികാരികതയെന്ന് അവകാശപ്പെട്ട് രണ്ടുവിഭാഗവും രംഗത്തെത്തുകയും ചെയ്തു. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ സൂര്യന്‍ ആര്‍ക്ക് നല്‍കണമെന്നത് സംബന്ധിച്ചുളള നിയമവശങ്ങള്‍ പഠിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

Top