‘ഭൂപട പ്രകോപനം’ അവസാനിപ്പിച്ച് സമാധാനപാതയിലേക്ക് നേപ്പാള്‍

ന്യൂഡല്‍ഹി: ‘ഭൂപട പ്രകോപനം’ അവസാനിപ്പിച്ച് സമാധാനപാതയിലേക്കു നേപ്പാള്‍ നീങ്ങുന്നുവെന്ന് സൂചന. ഇന്ത്യയോടുള്ള പ്രകോപനത്തെ മാറ്റിവച്ച് രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി സംസാരിച്ചതിന് പിന്നാലെയാണ് മഞ്ഞുരുകുന്നുവെന്ന സൂചന പുറത്ത് വന്നത്.

കാലാപാനി അതിര്‍ത്തി തര്‍ക്കത്തെച്ചൊല്ലി ബന്ധം വഷളായശേഷം ഇരുരാജ്യത്തെയും നേതാക്കളുടെ ആദ്യ ഫോണ്‍ സംഭാഷണമായിരുന്നു ഇത്. ഇന്ത്യയിലെ ജനങ്ങളെയും സര്‍ക്കാരിനെയും ഒലി അഭിവാദ്യം ചെയ്തു. യുഎന്‍ സുരക്ഷാസമിതിയില്‍ സ്ഥിരമല്ലാത്ത അംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടതിനെ അദ്ദേഹം അഭിനന്ദിച്ചു.

കോവിഡ് ആഘാതം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കു ഇന്ത്യയും നേപ്പാളും പരസ്പരം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യയുടെ സഹായം തുടര്‍ന്നും ലഭ്യമാക്കുമെന്നു മോദി ഉറപ്പു നല്‍കിയതായും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഇന്ത്യ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചതോടെയാണ് നേപ്പാളിന് അസ്വസ്ഥത തുടങ്ങിയത്.

മേയില്‍ മാനസരോവര യാത്രാവഴിയില്‍ ധാര്‍ച്ചുള മുതല്‍ ലിപുലേഖ് വരെ പുതിയ റോഡ് ഇന്ത്യ ഉദ്ഘാടനം ചെയ്തതും നേപ്പാളിനെ പ്രകോപിപ്പിച്ചു. ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിപുലേഖ്, ലിംപിയാദുര പ്രദേശങ്ങള്‍ ‘സ്വന്തമാക്കി’ പുതിയ ഭൂപടം തയാറാക്കിയാണ് നേപ്പാള്‍ മറുപടി നല്‍കിയത്.

Top