‘ഉത്പാദനം കൂടി, ഉപഭോഗം കുറഞ്ഞു’; അധിക വൈദ്യുതി ഇന്ത്യയ്ക്ക് വിറ്റഴിച്ച് നേപ്പാൾ

കാഠ്‍മണ്ഡു: ഉത്പാദനം കൂടിയതും ഉപഭോഗം കുറഞ്ഞതും മൂലം അധികം വന്ന വൈദ്യുതി ഇന്ത്യയ്ക്ക് വിറ്റഴിച്ച് നേപ്പാൾ. നദീതട പദ്ധതികളിൽ നിന്നായി രാജ്യത്ത് ആവശ്യത്തിലധികം വൈദ്യുതി ലഭ്യമായതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ജൂൺ മുതൽ നവംബർ വരെ ഇന്ത്യയ്ക്ക് നേപ്പാൾ വൈദ്യുതി നൽകിയിരുന്നു. ഹിമാലയൻ നദികൾ കേന്ദ്രീകരിച്ചാണ് നേപാളിൽ ഭൂരിഭാഗം ഹൈഡ്രോ ഇലക്ട്രിക് പദ്ധതികളും നടപ്പിലാക്കുന്നത്.

കുറച്ചു മുൻപു വരെ നൽകിയിരുന്ന 400 മെഗാവാട്ട് വൈദ്യുതി 600 മെഗാവാട്ട് ആയി ഉയർത്തിയെന്ന് നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റി അംഗം സുരേഷ് ബട്ടരായി പിടിഐ യോട് പറഞ്ഞു.

നേപ്പാളിൽ വൈദ്യുതി ഉപഭോഗം തണുപ്പുകാലത്താണ് വർധിക്കുക. ചൂടു കാലത്ത് ഉപഭോഗം കുറയുന്നതിനാലാണ് അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി അവശ്യാനുസരണം മറ്റു രാജ്യങ്ങൾക്കു നൽകുന്നത്. രാജ്യത്തെ പ്രധാന വരുമാനമാര്‍ഗം കൂടിയാണിത്. കഴിഞ്ഞ വർഷം മാത്രം 1200 കോടി രൂപയുടെ വൈദ്യുതിയാണ് നേപ്പാള്‍ ഇന്ത്യയ്ക്ക് നൽകിയത്. മൺസൂൺ സജീവമാകുമ്പോൾ ഹിമാലയൻ നദികളിൽ നിന്ന് അധിക വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് രാജ്യം ചെയ്യുന്നത്.

Top