തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യാ സഹോദരിയുടെ മകനെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്റ്റാന്‍ഡിംങ് കോണ്‍സിലാക്കിയത് വിവാദമാക്കുന്നതിന് പിന്നില്‍ ഹിഡന്‍ അജണ്ട.
വ്യവസായ മന്ത്രിയുടെ ബന്ധുക്കള്‍ക്ക് നല്‍കിയ നിയമനത്തിനെതിരെ വ്യപക പ്രതിഷേധമുയരുകയും വിജിലന്‍സ് അന്വേഷണത്തിന് കളമൊരുങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കാനാണ് മുഖ്യമന്ത്രിയെ തന്നെ പ്രതിരോധത്തിലാക്കാന്‍ ‘ചില കേന്ദ്രങ്ങള്‍’ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.
പിണറായിയുടെ ബന്ധുവായ നവീന്‍ 14 വര്‍ഷമായി അഭിഭാഷകനെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. സ്വാഭാവികമായും സ്റ്റാന്‍ഡിംഗ് കോണ്‍സിലാവാനുള്ള യോഗ്യതയുമുണ്ട്.
മാത്രമല്ല സംഘടനാപരമായ പാരമ്പര്യം നോക്കുകയാണെങ്കില്‍ സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെയും ഡിവൈഎഫ്‌ഐയുടെയും സജീവ പ്രവര്‍ത്തകനുമാണ്.
ആരോഗ്യമന്ത്രി കെകെ ശൈലജയുടെ വകുപ്പില്‍ വരുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നവീനെ നിയമിച്ചത് അഭിഭാഷക സംഘടനയുടെ ശുപാര്‍ശ കൂടി പരിഗണിച്ചാണെന്നാണ് അറിയുന്നത്.
സര്‍ക്കാരുകള്‍ മാറിയാല്‍ സര്‍ക്കാര്‍ അഭിഭാഷകരെ മാറ്റുന്നതും പാര്‍ട്ടി താല്‍പര്യം കൂടി പരിഗണിച്ച് ഈ മേഖലയില്‍ നിയമനം നല്‍കുന്നതുമെല്ലാം സ്വാഭാവികമായ നടപടിക്രമം മാത്രമാണ്.
പ്രതിപക്ഷ അനുഭാവികളായ അഭിഭാഷകരെ എന്തായാലും സര്‍ക്കാര്‍ അഭിഭാഷകരായി നിയമിക്കാന്‍ പറ്റില്ലല്ലോ എന്നാണ് ഇത് സംബന്ധമായ വിവാദത്തോട് ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകര്‍ പോലും പ്രതികരിക്കുന്നത്. ഇപ്പോള്‍ പുറത്തായ വിവാദ നിയമനങ്ങളുമായി സ്റ്റാന്‍ഡിംങ് കോണ്‍സിലിന്റെ നിയമനത്തെ താരതമ്യം ചെയ്യാന്‍ പോലും പറ്റാത്തതും വിവാദത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമാണെന്നുമാണ് നിയമ കേന്ദ്രങ്ങളും ചൂണ്ടിക്കാട്ടുന്നത്.
നവീന്റെ നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നതാണ് ലഭിക്കുന്ന വിവരം.
നവീന്‍ പിണറായിയുടെ ബന്ധുവാണെന്ന് താന്‍ ഇപ്പോഴാണ് അറിയുന്നതെന്ന് മന്ത്രി കെകെ ശൈലജയും വ്യക്തമാക്കി.
സ്റ്റാന്‍ഡിംങ് കോണ്‍സിലായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ പരിഗണിച്ചാണ് നിയമനമെന്നും മറിച്ചൊരു താല്‍പര്യവും ഇതിന്ന് പിന്നിലില്ലന്നും ആര്‍ക്ക് വേണമെങ്കിലും ഇക്കാര്യം പരിശോധിക്കാവുന്നതാണെന്നും വകുപ്പ് മന്ത്രിയുടെ ഓഫീസും അറിയിച്ചു.