കാഠ്മണ്ഡു: നേപ്പാളിലെ ഭരണപ്രതിസന്ധിക്കൊടുവില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത ഒലി ഭരണകൂടത്തിന് കോടതിയുടെ അനുമതി. ഇടക്കാല സത്യപ്രതിജ്ഞ തള്ളണമെന്ന് കാണിച്ച് നല്‍കിയ ഹര്‍ജികള്‍ നേപ്പാള്‍ സുപ്രീംകോടതി തള്ളി. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്യാനുണ്ടായ സാഹചര്യവും അതിന് അനുമതി നല്‍കിയ ചട്ടങ്ങളും വിശദീകരിക്കാന്‍ നേപ്പാള്‍ പ്രസിഡന്‍റിനും നിലവിലെ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലിയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
കടുത്ത ഭരണപക്ഷ എതിര്‍ വികാരവും നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പുഷ്പകുമാര്‍ പ്രചണ്ഡ പക്ഷത്തിന്‍റെ എതിര്‍പ്പിനേയും തുടര്‍ന്നാണ് ഒലിക്ക് രാജി വെയ്ക്കേണ്ടിവന്നത്. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പ്രതിപക്ഷത്തിന് ആകാതെ വന്നതോടെ ഒലി മെയ് 14ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുകയായിരുന്നു.
പ്രതിപക്ഷത്തിനായി മുതിര്‍ന്ന അഭിഭാഷകരായ ഡോ. ചന്ദ്രകാന്ത ഗ്യാവാലിയും കേഷര്‍ ജുംഗും ലോകേന്ദ്ര ഒലിയുമാണ് സത്യപ്രതിജ്ഞ ചട്ടലംഘനമാണെന്നും തെരഞ്ഞടുപ്പിനെ അഭിമുഖീകരിക്കണമെന്നും ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഒരേ ആള്‍ വീണ്ടും തുടരാന്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഉപയോഗിച്ച വാക്കുകളിലെ പൊരുത്തക്കേടുകളും മുന്‍ മന്ത്രിമാരായ ഏഴു പേര്‍ തല്‍സ്ഥാനത്ത് തുടരാനുമെടുത്ത തീരുമാനവും റദ്ദാക്കണമെന്നാണ് ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടിയത്.