ലണ്ടന്‍: നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചത് വിമാനാപകടത്തിലെന്ന് വ്യക്തമാക്കുന്ന ജാപ്പനീസ് സര്‍ക്കാരിന്റെ രേഖകള്‍ പുറത്ത്. നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട് ജാപ്പനീസ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റാണ് രേഖകള്‍ സംബന്ധിച്ച സുപ്രധാന വിവരം പുറത്തുവിട്ടത്.
1956 ജനുവരിയിലാണ് തിരോധാനത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയായത്. റിപ്പോര്‍ട്ട് ടോക്കിയോയിലെ ഇന്ത്യന്‍ എംബസിക്കു ജപ്പാന്‍ നല്‍കിയിരുന്നു. രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ അടങ്ങിയതിനാലാണ് ഈ റിപ്പോര്‍ട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിടാതിരുന്നത്. 1945 ഓഗസ്റ്റ് 18നുണ്ടായ വിമാനാപകടത്തിലാണ് നേതാജി കൊല്ലപ്പെട്ടതെന്ന് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ടെന്നും വെബ്‌സൈറ്റ് വിശദമാക്കുന്നു.
വിമാനാപകടത്തില്‍ നേതാജിക്കു ഗുരുതര പരുക്കേറ്റിരുന്നു. സംഭവ ദിവസം വൈകീട്ട് മൂന്നിന് നേതാജിയെ തായ്‌പെയിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഏഴോടെ മരിച്ചു. ആഗസ്റ്റ് 22ന് തായ്‌പെയിലുള്ള മുന്‍സിപ്പില്‍ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചെന്നും രേഖകള്‍ വെളിപ്പെടുത്തുന്നു.