ഉറപ്പു ലംഘിച്ചു; ഇറാന്റെ ആണവപദ്ധതികളുടെ രഹസ്യരേഖകള്‍ പുറത്ത് വിട്ട് ഇസ്രയേല്‍

newiran

ടെല്‍ അവീവ്: ഇറാന്റെ ആണവപദ്ധതികള്‍ സംബന്ധിച്ച രഹസ്യരേഖകള്‍ പുറത്തുവിട്ട് ഇസ്രയേല്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് രഹസ്യരേഖകള്‍ പുറത്തുവിട്ടത്. ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് അന്‍പതിനായിരത്തിലധികം രഹസ്യരേഖകളും 180 സിഡികളും കയ്യിലുണ്ടെന്ന് നെതന്യാഹു വ്യക്തമാക്കി.

ആണവായുധങ്ങള്‍ നിര്‍മിക്കില്ലെന്ന് ഇറാന്‍ 2015-ല്‍ നല്‍കിയ ഉറപ്പ് ലംഘിച്ചുവെന്നും ഇസ്രയേല്‍ ആരോപിച്ചു. 2015-ല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ആണവക്കരാറില്‍ ഏര്‍പ്പെടുന്നതിനു വേണ്ടി തങ്ങള്‍ ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്‍ പറഞ്ഞിരുന്നു എന്നാല്‍ അതു കള്ളമാണെന്നു തെളിയിക്കുന്ന രേഖകളാണ് കൈയ്യിലുള്ളതെന്നും നെതന്യാഹു പറഞ്ഞു.

‘പ്രോജകട് അമാദ്’ എന്ന പേരില്‍ ഇറാന്‍ നടത്തിയ ആണവ പരീക്ഷണങ്ങളുടെ മുഴുവന്‍ രേഖകളും തങ്ങളുടെ കൈയ്യിലുണ്ടെന്ന് നെതന്യാഹു അറിയിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.

അതിനിടെ, ഇറാന്റെ ആണവപദ്ധതിയെ സംബന്ധിച്ചുള്ള ഇസ്രയേല്‍ വെളിപ്പെടുത്തലിനെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിനന്ദിച്ചു. ഇറാനെക്കുറിച്ച് താന്‍ പറഞ്ഞതെല്ലാം നൂറുശതമാനം സത്യമാണെന്ന് ഇതിലൂടെ തെളിഞ്ഞതായും ട്രംപ് അഭിപ്രായപ്പെട്ടു.എന്നാല്‍ ആരോപണങ്ങള്‍ പരിഹാസ്യമാണെന്നും ട്രംപിനെ പ്രീതിപ്പെടുത്താന്‍ നെതന്യാഹു വ്യാജ തെളിവുകളുമായി എത്തിയതാണെന്നന്നും ഇറാന്‍ പ്രതികരിച്ചു.

Top